ഒന്നാം വായന
മക്കബായരുടെ ഒന്നാം പുസ്തകത്തിൽനിന്ന് (2: 15-29)
(ഞങ്ങളുടെ പിതാക്കൻമാരുടെ ഉടമ്പടിയനുസരിച്ചു ജീവിക്കും)
അക്കാലത്ത്, ജനങ്ങളെ മതത്യാഗത്തിനു നിർബന്ധിച്ചിരുന്ന രാജസേവകർ അവരെക്കൊണ്ടു ബലിയർപ്പണം ചെയ്യിക്കാൻ മൊദെയിൻ നഗരത്തിലെത്തി. ഇസ്രായേലിൽനിന്നു വളരെപ്പേർ അവരുടെ അടുത്തുചെന്നു. മത്താത്തിയാസും പുത്രൻമാരും അവിടെ ഒരുമിച്ചുകൂടി. രാജസേവകർ മത്താത്തിയാസിനോടു പറഞ്ഞു: നീ ഈ നഗരത്തിൽ ആദരിക്കപ്പെടുന്ന മഹാനായ നേതാവാണ്. പുത്രൻമാരുടെയും സഹോദരൻമാരുടെയും പിന്തുണയും നിനക്കുണ്ട്. സകല വിജാതീയരും യൂദായിലെ ജനങ്ങളും ജറുസലേമിൽ അവശേഷിച്ചിട്ടുള്ളവരും ചെയ്തതുപോലെ ഇപ്പോൾ രാജശാസനമനുസരിച്ചു പ്രവർത്തിക്കുന്നതിൽ നീ ഒന്നാമനായിരിക്കണം. എങ്കിൽ, നീയും പുത്രൻമാരും രാജാവിന്റെ സുഹൃത്തുക്കളായി പരിഗണിക്കപ്പെടും. സ്വർണവും വെള്ളിയും മറ്റനവധി പാരിതോഷികങ്ങളും കൊണ്ട് നീയും പുത്രൻമാരും ബഹുമാനിതരാവുകയും ചെയ്യും. എന്നാൽ, മത്താത്തിയാസ് മറുപടിയായി ദൃഢസ്വരത്തിൽ പറഞ്ഞു: രാജാവിന്റെ ഭരണത്തിൻ കീഴിലുള്ള എല്ലാ ജനതകളും അവനെ അനുസരിക്കുകയും ഓരോരുത്തരും താന്താങ്ങളുടെ പിതാക്കൻമാരുടെ മതവിശ്വാസത്തിൽനിന്നു വ്യതിചലിച്ച് അവന്റെ കല്പനകൾ പാലിക്കാൻ തീരുമാനിക്കുകയും ചെയ്താലും ഞാനും എന്റെ പുത്രൻമാരും എന്റെ സഹോദരൻമാരും ഞങ്ങളുടെ പിതാക്കൻമാരുടെ ഉടമ്പടിയനുസരിച്ചു ജീവിക്കും. നിയമവും കല്പനകളും ഞങ്ങൾ ഒരുനാളും തിരസ്കരിക്കുകയില്ല. രാജകല്പന അനുസരിക്കാൻ ഞങ്ങളുടെ മതവിശ്വാസത്തിൽനിന്നു ഞങ്ങൾ അണുവിട വൃതി ചലിക്കുകയില്ല.
മത്താത്തിയാസ് ഈ വാക്കുകൾ അവസാനിപ്പിച്ചപ്പോൾ, എല്ലാവരും നോക്കിനില്ക്കേ, മൊദെയിനിലെ ബലിപീഠത്തിൽ രാജകല്പനപ്രകാരം ബലിയർപ്പിക്കാൻ ഒരു യഹൂദൻ മുന്നോട്ടു വന്നു. അതുകണ്ട് മത്താത്തിയാസ് തീക്ഷ്ണതകൊണ്ടു ജ്വലിച്ചു; അവന്റെ ഹൃദയം പ്രക്ഷുബ്ധമായി. ധാർമികരോഷം പൂണ്ട് അവൻ പാഞ്ഞുചെന്ന് ആ യഹൂദനെ ബലിപീഠത്തിൽ വച്ചുതന്നെ വധിച്ചു. ബലിയർപ്പിക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്ന രാജസേവകനെയും അവൻ വധിച്ചു; ബലിപീഠം ഇടിച്ചുനിരത്തി. സാലുവിന്റെ പുത്രനായ സിമ്രിക്കെതിരേ ഫിനെഹാസ് എന്നപോലെ, നിയമത്തെപ്രതിയുള്ള തീക്ഷ്ണതയാൽ അവൻ ജ്വലിച്ചു. മത്താത്തിയാസ് സ്വരമുയർത്തി നഗരത്തിൽ വിളിച്ചുപറഞ്ഞു: നിയമത്തെപ്രതി തീക്ഷ്ണതയുള്ളവരും ഉടമ്പടി ആദരിക്കുന്നവരും എന്നോടൊത്തു വരുവിൻ! അതിനുശേഷം അവനും പുത്രൻമാരും തങ്ങൾക്കു നഗരത്തിലുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് മലകളിലേക്ക് ഓടിപ്പോയി. നീതിക്കും ന്യായത്തിനുംവേണ്ടി നിലകൊണ്ടിരുന്ന വളരെപ്പേർ വനാന്തരങ്ങളിലേക്ക് താമസംമാറ്റി.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (50 : 1-2, 5-6, 14-15)
നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.
കർത്താവായ ദൈവം, ശക്തനായവൻ, സംസാരിക്കുന്നു; കിഴക്കു മുതൽ പടിഞ്ഞാറുവരെയുള്ള ഭൂമി മുഴുവനെയും അവിടന്നു വിളിക്കുന്നു. സൗന്ദര്യത്തികവായ സീയോനിൽ നിന്നു ദൈവം പ്രകാശിക്കുന്നു. നമ്മുടെ ദൈവം വരുന്നു, അവിടന്നു മൗനമായിരിക്കുകയില്ല.
നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.
ബലിയർപ്പണത്തോടെ എന്നോട് ഉടമ്പടി ചെയ്തിട്ടുള്ള എന്റെ വിശ്വസ്തരെ എന്റെ അടുത്തു വിളിച്ചുകൂട്ടുവിൻ. ആകാശം അവിടത്തെ നീതി ഉദ്ഘോഷിക്കുന്നു; ദൈവം തന്നെയാണു വിധികർത്താവ്.
നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.
കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനർപ്പിക്കുന്ന ബലി; അത്യുന്നതനുള്ള നിന്റെ നേർച്ചകൾ നിറവേറ്റുക. അനർഥ കാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.
നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (Ps. 95 : 7a + 8b).
അല്ലേലൂയാ!
അല്ലേലൂയാ! നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ, നിങ്ങൾ ഹൃദയം കഠിനമാക്കരുത്. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (19:41-44)
(സമാധാനത്തിനുള്ള മാർഗങ്ങൾ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കിൽ!)
അക്കാലത്ത്, യേശു ജറുസനേമിനടുത്തുവന്ന് പട്ടണം കണ്ടപ്പോൾ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ടു പറഞ്ഞു: സമാ ധാനത്തിനുള്ള മാർഗങ്ങൾ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കിൽ! എന്നാൽ, അവ ഇപ്പോൾ നിന്റെ ദൃഷ്ടിയിൽ നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു. ശത്രുക്കൾ നിനക്കു ചുറ്റും പാളയമടിച്ച് നിന്നെ വളയുകയും എല്ലാ ഭാഗത്തുംനിന്നു നിന്നെ ഞെരുക്കുകയും ചെയ്യുന്ന ദിവസങ്ങൾ വരും. നിന്നെയും നിന്റെ മക്കളെയും നശിപ്പിക്കുകയും നിന്നിൽ കല്ലിൻമേൽ കല്ലുശേഷിപ്പിക്കാതിരിക്കുകയും ചെയ്യും. എന്തെന്നാൽ, നിന്റെ സന്ദർശന ദിനം നീ അറിഞ്ഞില്ല.




