ഒന്നാം വായന
ദാനിയേൽ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന് (7 : 15-27)
(രാജത്വവും ആധിപത്യവും മഹത്ത്വവും അത്യുന്നതന്റെ പരിശുദ്ധൻമാർക്കു നല്കപ്പെടും)
ഞാൻ, ദാനിയേൽ, ഉത്കണ്ഠാകുലനായി. ദർശനങ്ങൾ എന്നെ പരിഭ്രാന്തനാക്കി. ഞാൻ അവിടെ നിന്നിരുന്നവരിൽ ഒരുവനെ സമീപിച്ച്, ഇതിന്റെയെല്ലാം പൊരുളെന്താണെന്നു ചോദിച്ചു. അതിന്റെ വ്യാഖ്യാനം അവൻ എനിക്കു പറഞ്ഞുതന്നു. ഭൂമിയിൽനിന്ന് ഉയർന്നുവരുന്ന നാലു രാജാക്കൻമാരാണ് ഈ നാലു മഹാമൃഗങ്ങൾ. എന്നാൽ, അത്യുന്നതന്റെ പരിശുദ്ധർക്കു രാജ്യം ലഭിക്കുകയും അവർ ആ രാജ്യം എന്നേക്കുമായി അവകാശമാക്കുകയും ചെയ്തു.
മറ്റുള്ളവരിൽനിന്നു വ്യത്യസ്തനും കൂടുതൽ ഭയങ്കരനും ഉരുക്കുപല്ലും ഓട്ടുനഖവുമുള്ളവനും വെട്ടിവിഴുങ്ങുകയും കഷണം കഷണമായി തകർക്കുകയും മിച്ചമുള്ളവ കാലുകൊണ്ടു ചവിട്ടിയരയ്ക്കുകയും ചെയ്തവനുമായ നാലാമത്തെ മൃഗത്തെ കുറിച്ച് അറിയാൻ ഞാൻ ആഗ്രഹിച്ചു. അതിന്റെ തലയിലുണ്ടായിരുന്ന പത്തു കൊമ്പുകളെയും, മറ്റു മൂന്നെണ്ണത്തെ വീഴ്ത്തിയതും കണ്ണുകളും വൻപുപറയുന്ന വായുമുള്ളതും മറ്റുള്ളവയെക്കാൾ ഭീകരവുമായ കൊമ്പിനെയും സംബന്ധിച്ച സത്യം അറിയുന്നതിന് ഞാൻ ആഗ്രഹിച്ചു. പുരാതനനായവൻ വന്ന് അത്യുന്നതന്റെ പരിശുദ്ധർക്കുവേണ്ടി ന്യായവിധി നടത്തുന്നതുവരെ, പരിശുദ്ധർ രാജ്യം സ്വീകരിക്കുന്ന സമയം സമാഗതമാകുന്നതുവരെ, ഈ കൊമ്പ് അവരുമായി പൊരുതി ജയിക്കുന്നതു ഞാൻ കണ്ടു.
അവൻ പറഞ്ഞു: നാലാമത്തെ മൃഗം ഭൂമിയിലെ നാലാമത്തെ ഒരു സാമ്രാജ്യമാണ്. മറ്റെല്ലാ രാജ്യങ്ങളിലും നിന്ന് അത് വ്യത്യസ്തമായിരിക്കും; അതു ഭൂമി മുഴുവൻ വെട്ടിവിഴുങ്ങുകയും ചവിട്ടിമെതിക്കുകയും കഷണം കഷണമായി തകർക്കുകയും ചെയ്യും. ഈ സാമ്രാജ്യത്തിലുള്ള ഉയർന്നുവരുന്ന പത്തു രാജാക്കൻമാരാണ് പത്തു കൊമ്പുകൾ. അവർക്കെതിരേ വേറൊരുവൻ അവരുടെ പിന്നാലേ വരും; തന്റെ മുൻഗാമികളിൽനിന്ന് അവൻ ഭിന്നനായിരിക്കും. അവൻ മൂന്നു രാജാക്കൻമാരെ താഴേയിറക്കും. അവൻ അത്യുന്നതനെതിരേ ദുഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവൻ പീഡിപ്പിക്കും. നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റുന്നതിന് അവൻ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയുംവരെ അവർ അവന്റെ കൈകളിൽ ഏല്പ്പിക്കപ്പെടും. എന്നാൽ, ന്യായാധിപസഭ വിധിപ്രസ്താവിക്കാൻ ഉപവിഷ്ടമാവുകയും അവന്റെ ആധിപത്യം എടുത്തുമാറ്റപ്പെടുകയും ചെയ്യും. പൂർണമായി ദഹിപ്പിച്ച് നശിപ്പിക്കേണ്ടതിനു തന്നെ. ആകാശത്തിൻകീഴിലുള്ള സകല രാജ്യങ്ങളുടെയും രാജത്വവും ആധിപത്യവും മഹത്ത്വവും അത്യുന്നതന്റെ പരിശുദ്ധൻമാർക്കു നല്കപ്പെടും; അവരുടെ രാജ്യം ശാശ്വതമാണ്. എല്ലാ ആധിപത്യങ്ങളും അവരെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (ദാനി 3: 60-61, 62-63, 64–65)
കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.
മനുഷ്യമക്കളേ, കർത്താവിനെ വാഴ്ത്തുവിൻ; ഇസ്രായേലേ, കർത്താവിനെ വാഴ്ത്തുവിൻ; എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.
കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.
കർത്താവിന്റെ പുരോഹിതരേ, അവിടത്തെ വാഴ്ത്തുവിൻ; കർത്താവിന്റെ ദാസരേ അവിടത്തെ വാഴ്ത്തുവിൻ; എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.
കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.
ആത്മാക്കളേ, നീതിമാൻമാരുടെ ചേതസ്സുകളേ, കർത്താ വിനെ വാഴ്ത്തുവിൻ; വിശുദ്ധരേ, വിനീതഹൃദയരേ, കർത്താവിനെ വാഴ്ത്തുവിൻ; എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തു വിൻ.
കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (ലൂക്കാ 21:36)
അല്ലേലൂയാ!
അല്ലേലൂയാ! മനുഷ്യപുത്രൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ സദാ പ്രാർഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവിൻ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (21:34-36)
(സംഭവിക്കാനിരിക്കുന്നവയിൽനിന്നു രക്ഷപ്പെടാൻ ജാഗരൂകരായിരിക്കുവിൻ)
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുൾചെയ്തു. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ നിങ്ങളുടെ മനസ്സു ദുർബലമാവുകയും ആ ദിവസം ഒരു കെണി പോലെ പെട്ടെന്നു നിങ്ങളുടെമേൽ വന്നുവീഴുകയും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുവിൻ. എന്തെന്നാൽ, ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേൽ അതു നിപതിക്കും. സംഭവിക്കാനിരിക്കുന്ന ഇവയിൽനിന്നെല്ലാം രക്ഷപ്പെട്ട് മനുഷ്യപുത്രന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ സദാ പ്രാർഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിൻ.




