Word of God

ആണ്ടുവട്ടം: മുപ്പത്തിനാലാം വാരം : വ്യാഴം നവംബർ – 27 വചന വായന

ഒന്നാം വായന

ദാനിയേൽ പ്രവാചകന്റെ പുസ്ത‌കത്തിൽനിന്ന് (6 : 11-27)

(ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു)

അക്കാലത്ത്, ദാനിയേലിനെ സൂക്‌ഷിച്ചു വീക്‌ഷിച്ചിരുന്ന പ്രഭുക്കൻമാർ, ദാനിയേൽ തൻ്റെ ദൈവത്തിൻ്റെ മുൻപിൽ പ്രാർഥിക്കുന്നതും അപേക്‌ഷിക്കുന്നതും കണ്ടു. അവർ രാജസന്നിധിയിലെത്തി നിരോധനാജ്‌ഞയെപ്പറ്റി പറഞ്ഞു: രാജാവേ, മുപ്പതു ദിവസത്തേക്ക് നിന്നോടല്ലാതെ ഏതെങ്കിലും ദേവനോടോ മനുഷ്യനോടോ ആരെങ്കിലും പ്രാർഥിച്ചാൽ അവനെ സിംഹങ്ങളുടെ കുഴിയിൽ തള്ളും എന്നൊരു നിരോധനാജ്‌ഞയിൽ നീ ഒപ്പു വച്ചിരുന്നില്ലേ? രാജാവ് പറഞ്ഞു: മേദിയക്കാരുടെയും പേർഷ്യാക്കാരുടെയും അലംഘനീയമായ നിയമമനുസരിച്ച്, അത് തീർച്ചയായും അങ്ങനെതന്നെ. അവർ പറഞ്ഞു: രാജാവേ, യൂദായിൽ നിന്നുള്ള പ്രവാസികളിലൊരുവനായ ആ ദാനിയേൽ നിന്നെയാകട്ടെ, നീ ഒപ്പുവച്ച നിരോധനാജ്‌ഞയെ ആകട്ടെ, മാനിക്കാതെ ദിവസവും മൂന്നു പ്രാവശ്യം തന്റെ പ്രാർഥന നടത്തുന്നു. ഇതു കേട്ടപ്പോൾ രാജാവ് അത്യധികം വ്യസനിച്ചു; ദാനിയേലിനെ രക്ഷിക്കാൻ മനസ്‌സിലുറച്ച് അവനെ രക്ഷിക്കുന്നതിനുവേണ്ടി സൂര്യൻ അസ്തമിക്കുന്നതുവരെ അവൻ പരിശ്രമിച്ചു. അപ്പോൾ, ആലോചിച്ചുറച്ചു വന്നിരുന്ന ആളുകൾ രാജാവിനോടു പറഞ്ഞു: രാജാവേ, നീ അറിഞ്ഞാലും. മേദിയക്കാരുടെയും പേർഷ്യാക്കാരുടെയും നിയമമനുസരിച്ച്, രാജാവ് പുറപ്പെടുവിക്കുന്ന കല്പനയും ശാസനയും മാറ്റിക്കൂടാ. രാജാവ് കല്‌പിച്ചതനുസരിച്ച് ദാനിയേലിനെ കൊണ്ടുവന്ന് സിംഹങ്ങളുടെ കുഴിയിലേക്കെറിഞ്ഞു. രാജാവ് ദാനിയേലിനോടു പറഞ്ഞു: നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കട്ടെ! ദാനിയേലിനെക്കുറിച്ചുള്ള വിധിക്കു മാറ്റം വരാതിരിക്കാൻ, കുഴി ഒരു കല്ലുകൊണ്ട് അടയ്ക്കുകയും രാജാവിന്റെയും പ്രഭുക്കൻമാരുടെയും മോതിരങ്ങൾകൊണ്ട് അതിനു മുദ്രവയ്ക്കുകയും ചെയ്തു. രാജാവു കൊട്ടാരത്തിലേക്കു പോയി. രാത്രി മുഴുവൻ ഉപവാസത്തിൽ കഴിച്ചു കൂട്ടി. വിനോദങ്ങളെല്ലാം അവൻ പരിത്യജിച്ചു; നിദ്ര അവനെ സമീപിച്ചില്ല.

രാജാവ് അതിരാവിലേ എഴുന്നേറ്റ് സിംഹങ്ങളുടെ കുഴിയിലേക്കു തിടുക്കത്തിൽ ചെന്നു; ദാനിയേലിനെ ഇട്ടിരുന്ന കുഴിക്കടുത്തു ചെന്നപ്പോൾ, ദുഃഖം നിറഞ്ഞ സ്വരത്തിൽ രാജാവ് വിളിച്ചു ചോദിച്ചു: ദാനിയേൽ, ജീവിക്കുന്ന ദൈവത്തിന്റെ ദാസാ, നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ സിംഹങ്ങളിൽനിന്നു രക്‌ഷിക്കാൻ ശക്തനായിരുന്നോ? ദാനിയേൽ രാജാവിനോടു പറഞ്ഞു: രാജാവ് നീണാൾ വാഴട്ടെ! തന്റെ മുൻപിൽ ഞാൻ കുറ്റമറ്റവനാണെന്നു കണ്ടതിനാൽ എൻ്റെ ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു; അവ എന്നെ ഉപദ്രവിച്ചില്ല. രാജാവേ, നിന്റെ മുൻപിലും ഞാൻ നിരപരാധനാണല്ലോ. അപ്പോൾ രാജാവ് അത്യധികം സന്തോഷിച്ച്, ദാനിയേലിനെ കുഴിയിൽനിന്നു പുറത്തുകൊണ്ടുവരാൻ കല്‌പിച്ചു. ദാനിയേലിനെ കുഴിയിൽനിന്നു കയറ്റി. തന്റെ ദൈവത്തിൽ ആശ്രയിച്ചിരുന്നതുകൊണ്ട് അവന് ഒരു പോറൽ പോലും ഏറ്റതായി കണ്ടില്ല. ദാനിയേലിനെ കുറ്റംവിധിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും രാജകല്‌പനപ്രകാരം കൊണ്ടുവന്ന് സിംഹത്തിന്റെ കുഴിയിൽ എറിഞ്ഞു. കുഴിയുടെ അടിയിലെത്തും മുൻപേ, സിംഹങ്ങൾ അവരെ അടിച്ചുവീഴ്ത്തി, അസ്‌ഥികൾ ഒടിച്ചുനുറുക്കി.

ദാരിയൂസ് രാജാവ് ഭൂമുഖത്തുള്ള സകല ജനതകൾക്കും ജനപദങ്ങൾക്കും ഭാഷക്കാർക്കും എഴുതി: നിങ്ങൾക്കു സമാധാനം സമൃദ്‌ധമാകട്ടെ! എന്റെ അധികാരത്തിലുള്ള എല്ലാവരും ദാനിയേലിന്റെ ദൈവത്തിനുമുൻപിൽ ഭയന്നു വിറയ്ക്കണമെന്ന് ഞാൻ വിളംബരംചെയ്യുന്നു. എന്തെന്നാൽ, അവിടന്നാണ് നിത്യനും ജീവിക്കുന്നവനുമായ ദൈവം; അവിടത്തെ രാജ്യം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല. അവിടത്തെ ആധിപത്യത്തിന് അവസാനമില്ല. അവിടന്ന് രക്‌ഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്നു. ആകാശത്തിലും ഭൂമിയിലും അവിടന്ന് അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കുന്നു. അവിടന്നാണ് ദാനിയേലിനെ സിംഹങ്ങളുടെ പിടിയിൽനിന്നു രക്‌ഷിച്ചത്. ദാരിയൂസിന്റെയും പേർഷ്യാക്കാരനായ സൈറസിന്റെയും ഭരണകാലത്ത് ദാനിയേൽ ഐശ്വര്യപൂർവം ജീവിച്ചു.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (ദാനി 3: 42, 45, 46-47, 48, 51)

കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിൻ.

ഹിമകണങ്ങളേ, മഞ്ഞുകട്ടകളേ, കർത്താവിനെ വാഴ്ത്തുവിൻ; ഹേമന്തത്തിലെ ശൈത്യമേ, ഗ്രീഷ്‌മത്തിലെ ഉഷ്ണമേ, കർത്താവിനെ വാഴ്ത്തുവിൻ; എന്നേക്കും അവിടത്തെ പാടി പ്പുകഴ്ത്തുവിൻ.

കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിൻ.

മഞ്ഞുകട്ടയേ, ശൈത്യമേ, കർത്താവിനെ വാഴ്ത്തുവിൻ; രാവുകളേ, പകലുകളേ കർത്താവിനെ വാഴ്ത്തുവിൻ; എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

പ്രകാശമേ, അന്ധകാരമേ, കർത്താവിനെ വാഴ്ത്തുവിൻ; മിന്നലുകളേ, മേഘങ്ങളേ കർത്താവിനെ വാഴ്ത്തുവിൻ; എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിൻ.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (ലൂക്കാ 21:28)

അല്ലേലൂയാ!
അല്ലേലൂയാ! നിങ്ങൾ ശിരസ്‌സുയർത്തി നില്ക്കുവിൻ. എന്തെന്നാൽ നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു. അല്ലേലൂയാ!

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (21:20-28)

(ജറുസലേമിനുചുറ്റും സൈന്യം താവളമടിച്ചിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ)

അക്കാലത്ത്, യേശു ശിഷ്യൻമാരോട് അരുൾചെയ്‌തു: ജറുസലേമിനുചുറ്റും സൈന്യം താവളമടിച്ചിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ. അപ്പോൾ, യൂദയായിലുള്ളവർ പർവതങ്ങളിലേക്കു പലായനം ചെയ്യട്ടെ. പട്ടണത്തിലുള്ളവർ അവിടം വിട്ടുപോകട്ടെ. ഗ്രാമങ്ങളിലുള്ളവർ പട്ടണത്തിൽ പ്രവേശിക്കാതിരിക്കട്ടെ. കാരണം, എഴുതപ്പെട്ടവയെല്ലാം പൂർത്തിയാകേണ്ട പ്രതികാരത്തിന്റെ ദിവസങ്ങളാണ് അവ. ആ ദിവസങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ദുരിതം! അന്ന് ഭൂമുഖത്തു വലിയ ഞെരുക്കവും ഈ ജനത്തിന്റെമേൽ വലിയക്രോധവും നിപതിക്കും. അവർ വാളിന്റെ വായ്ത്തലയേറ്റു വീഴുകയും എല്ലാ ജനതകളിലേക്കും തടവുകാരായി കൊണ്ടുപോകപ്പെടുകയും ചെയ്യും. വിജാതീയരുടെ നാളുകൾ പൂർത്തിയാകുന്നതുവരെ അവർ ജറുസലേമിനെ ചവിട്ടിമെതിക്കും. സൂര്യനിലും ചന്ദ്രനിലും നക്‌ഷത്രങ്ങളിലും അടയാളങ്ങൾ പ്രത്യക്‌ഷപ്പെടും. കടലിന്റെയും തിരമാലകളുടെയും ഇരമ്പൽ ജനപദങ്ങളിൽ സംഭ്രമമുളവാക്കും. സംഭവിക്കാൻ പോകുന്നവ ഓർത്തുള്ള ഭയവും ആകുലതയുംകൊണ്ട് ഭുവാസികൾ അസ്തപ്രജ്‌ഞരാകും. ആകാശശക്തികൾ ഇളകും. അപ്പോൾ, മനുഷ്യപുത്രൻ ശക്‌തിയോടും വലിയ മഹത്ത്വത്തോടുംകൂടെ മേഘങ്ങളിൽ വരുന്നത് അവർ കാണും. ഇവ സംഭവിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾ ശിരസ്‌സുയർത്തിനിൽക്കുവിൻ. എന്തെന്നാൽ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.