Word of God

ആണ്ടുവട്ടം: മുപ്പത്തിനാലാം വാരം : ബുധൻ നവംബർ – 26 വചന വായന

ഒന്നാം വായന

ദാനിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (5:1-6, 13-14, 16-17, 23-28)

(ഒരു മനുഷ്യൻ്റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ട് ഭിത്തിയിൽ എന്തോ എഴുതി)

അക്കാലത്ത്, ബൽഷാസർരാജാവ് തന്റെ പ്രഭുക്കൻമാരിൽ ആയിരംപേർക്ക് ഒരു വിരുന്നു നല്‌കുകയും അവരോടൊപ്പം വീഞ്ഞുകുടിക്കുകയും ചെയ്‌തു. വീഞ്ഞുകുടിച്ചു മദിച്ചപ്പോൾ, രാജാവായ താനും തന്റെ പ്രഭുക്കൻമാരും ഭാര്യമാരും ഉപനാരികളും വീഞ്ഞു കുടിക്കേണ്ടതിന് തന്റെ പിതാവായ നബുക്കദ്നേസർ ജറുസലേം ദേവാലയത്തിൽനിന്നു കൊണ്ടുവന്ന സ്വർണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങൾ കൊണ്ടുവരാൻ അവൻ കല്പ്‌പിച്ചു. ജറുസലേമിലെ ദേവാലയത്തിൽനിന്ന് അപഹരിച്ചു കൊണ്ടുവന്ന സ്വർണംകൊണ്ടും വെള്ളികൊണ്ടുമുള്ള പാത്രങ്ങൾ കൊണ്ടുവന്നു; രാജാവും പ്രഭുക്കൻമാരും ഭാര്യമാരും ഉപനാരികളും അവയിൽനിന്നു കുടിച്ചു. അവർ വീഞ്ഞുകുടിച്ചതിനുശേഷം സ്വർണവും വെള്ളിയും ഓടും ഇരുമ്പും മരവും കല്ലുംകൊണ്ടുള്ള ദേവൻമാരെ സ്‌തുതിച്ചു.

പെട്ടെന്ന് ഒരു മനുഷ്യന്റെ കൈവിരലുകൾ പ്രത്യക്‌ഷപ്പെട്ട്, ദീപപീഠത്തിനുനേരേ, രാജകൊട്ടരത്തിന്റെ മിനുത്ത ഭിത്തിയിൽ എന്തോ എഴുതി. എഴുതിക്കൊണ്ടിരുന്ന കൈപ്പത്തി രാജാവ് കണ്ടു. രാജാവ് വിവർണനായി. അവൻ ചിന്താധീനനായി, കൈ കാലുകൾ കുഴയുകയും കാല്‌മുട്ടുകൾ കൂട്ടിയടിക്കുകയും ചെയ്തു. ദാനിയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവ് ദാനിയേലിനോടു ചോദിച്ചു: രാജാവായ എന്റെ പിതാവ് യൂദായിൽനിന്നു കൊണ്ടുവന്ന യഹൂദപ്രവാസികളിൽ ഒരുവനായ ദാനിയേൽ നീ തന്നെയാണല്ലോ. വിശുദ്ധദേവൻമാരുടെ ആത്മാവ് നിന്നിലുണ്ടെന്നും തെളിഞ്ഞ ബുദ്‌ധിയും ജ്‌ഞാനവും നിനക്കുണ്ടെന്നും ഞാൻ കേട്ടിട്ടുണ്ട്. വ്യാഖ്യാനങ്ങൾ നല്‌കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും നിനക്കു സാധിക്കുമെന്നു ഞാൻ കേട്ടിട്ടുണ്ട്. ഇപ്പോൾ ഈ എഴുത്തു വായിച്ച്, അതെനിക്കു വ്യാഖ്യാനിച്ചു തരാൻ നിനക്കു കഴിഞ്ഞാൽ, ധൂമ്രവസ്ത്രവിഭൂഷിതനായി കഴുത്തിൽ പൊൻമാല ചാർത്തി, നീ രാജ്യത്തിന്റെ മൂന്നാം ഭരണാധികാരി ആകും.

ദാനിയേൽ രാജസന്നിധിയിൽ ഉണർത്തിച്ചു: നിന്റെ സമ്മാനങ്ങൾ നിൻ്റെ കൈയിൽത്തന്നെ ഇരുന്നുകൊള്ളട്ടെ. മറ്റാർക്കെങ്കിലും കൊടുത്തേക്കൂ; ലിഖിതംവായിച്ച്, അർഥം ഞാൻ പറഞ്ഞുതരാം. സ്വർഗത്തിന്റെ കർത്താവിനെ നീ വെല്ലുവിളിച്ചു. അവിടത്തെ ആലയത്തിലെ പാത്രങ്ങൾകൊണ്ടുവന്ന് നീയും നിൻ പ്രഭുക്കൻമാരും ഭാര്യമാരും ഉപനാരികളും അവയിൽ വീഞ്ഞു കുടിച്ചു. വെള്ളി, സ്വർണം, ഓട്, ഇരുമ്പ്, മരം, കല്ല് എന്നിവ കൊണ്ടുള്ള, കാണാനോ കേൾക്കാനോ അറിയാനോ കഴിവില്ലാത്ത ദേവൻമാരെ നീ സ്തുതിച്ചു. എന്നാൽ, നിന്റെ ജീവനെയും നിന്റെ മാർഗങ്ങളെയും നിയന്ത്രിക്കുന്ന ദൈവത്തെ നീ ആദരിച്ചില്ല. അതുകൊണ്ട്, അവിടത്തെ സന്നിധിയിൽനിന്ന് അയയ്ക്കപ്പെട്ട ഒരു കരം ഇത് എഴുതിയിരിക്കുന്നു. ആ ലിഖിതം ഇതാണ്: മെനേ, മെനേ, തെഖേൽ, പാർസീൻ. ഇതാണ് അർഥം: മെനേ – ദൈവം നിൻ്റെ രാജ്യത്തിൻ്റെ നാളുകൾ എണ്ണുകയും അതിന്റെ അവസാനം കുറിക്കുകയും ചെയ്‌തിരിക്കുന്നു. തെഖേൽ – നിന്നെ തുലാസിൽ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു. പേരെസ് – നിൻ്റെ രാജ്യം വിഭജിച്ച് മേദിയാക്കാർക്കും പേർഷ്യാക്കാർക്കും നല്‌കിയിരിക്കുന്നു.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (ദാനി 3: 40–41, 42-43, 44)

കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

സൂര്യനും ചന്ദ്രനും കർത്താവിനെ വാഴ്ത്തുവിൻ; കർത്താവിന്റെ ദൂതൻമാരേ, ആകാശത്തിലെ നക്ഷത്രങ്ങളേ, കർത്താവിനെ വാഴ്ത്തുവിൻ; എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

മഴയേ, മഞ്ഞേ, കർത്താവിനെ വാഴ്ത്തുവിൻ; കാറ്റുകളേ, കർത്താവിനെ വാഴ്ത്തുവിൻ; എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

അഗ്നിയേ, ചൂടേ, കർത്താവിനെ വാഴ്ത്തുവിൻ; എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (വെളി 2:10c).

അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: മരണംവരെ വിശ്വസ്തനായിരിക്കുക; ജീവൻ്റെ കിരീടം നിനക്കു ഞാൻ നല്കും. അല്ലേലൂയാ!

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (21:12-19)

(എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും നിങ്ങളുടെ ഒരു തലമുടിയിഴപോലും നശിച്ചുപോവുകയില്ല)

അക്കാലത്ത്, യേശു ശിഷ്യൻമാരോട് അരുൾചെയ്‌തു: എന്റെ നാമത്തെപ്രതി അവർ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏല്‌പിച്ചുകൊടുക്കും. എന്റെ നാമത്തെ പ്രതി രാജാക്കൻമാരുടെയും ദേശാധിപതികളുടെയും മുൻപിൽ അവർ നിങ്ങളെകൊണ്ടുചെല്ലും. നിങ്ങൾക്ക് ഇതു സാക്ഷ്യം നല്കുന്നതിനുള്ള അവസരമായിരിക്കും. എന്ത് ഉത്തരം പറയണമെന്ന് നേരത്തേ ആലോചിക്കേണ്ടതില്ലെന്നു മനസ്‌സിലാക്കിക്കൊള്ളുവിൻ. എന്തെന്നാൽ, നിങ്ങളുടെ എതിരാളികളിലാർക്കും ചെറുത്തുനില്ക്കാനോ എതിർക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങൾക്കു ഞാൻ നല്‌കും. മാതാപിതാക്കൻമാർ, സഹോദരർ, ബന്‌ധുമിത്രങ്ങൾ, എന്നിവർപോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊല്ലുകയും ചെയ്യും. എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴപോലും നശിച്ചുപോവുകയില്ല. പീഡനത്തിലും ഉറച്ചുനില്ക്കുന്നതിലൂടെ നിങ്ങളുടെ ജീവൻ നിങ്ങൾ നേടും.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.