ഫെബ്രുവരി 05 വ്യാഴം
ഒന്നാം വായന
രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന്
(മർത്ത്യന്റെ പാതയിൽ ഞാനും പോകുന്നു. ധീരനായിരിക്കുക പൗരുഷത്തോടെ പെരുമാറുക)
മരണം അടുത്തപ്പോൾ ദാവീദ്, പുത്രൻ സോളമനെ അടുത്തു വിളിച്ച് ഇപ്രകാരം നിർദേശിച്ചു: മർത്ത്യന്റെ പാതയിൽ ഞാനും പോകുന്നു. ധീരനായിരിക്കുക. പൗരുഷത്തോടെ പെരുമാറുക. നിൻ്റെ ദൈവമായ കർത്താവിന്റെ ശാസനങ്ങൾ നിറവേറ്റുക. മോശയുടെ നിയമത്തിൽ എഴുതിയിട്ടുള്ളപോലെ അവിടത്തെ മാർഗത്തിൽ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും പ്രമാണങ്ങളും കല്പനകളും സാക്‌ഷ്യങ്ങളും അനുസരിക്കുകയും ചെയ്യുക; നിന്റെ എല്ലാ പ്രവൃത്തികളും ഉദ്യമങ്ങളും വിജയമണിയും. നിന്റെ സന്താനങ്ങൾ നേർവഴിക്കു നടക്കുകയും പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ എന്റെ മുൻപിൽ വിശ്വസ്തരായി വർത്തിക്കുകയും ചെയ്‌താൽ, നിന്റെ സന്തതി ഇസ്രായേലിന്റെ സിംഹാസനത്തിൽനിന്ന് അറ്റുപോവുകുകയില്ല എന്ന് കർത്താവ് എന്നോട് അരുൾചെയ്‌ത വാഗ്ദാനം നിറവേറ്റേണ്ടതിന് നീ അവിടത്തെ അനുസരിക്കുക.
ദാവീദ് മരിച്ചു. അവനെ സ്വനഗരത്തിൽ അടക്കം ചെയ്തു. അവൻ ഇസ്രായേലിൽ നാല്‌പതു വർഷം ഭരിച്ചു. ഏഴുവർഷം ഹെബ്രോണിലും മുപ്പത്തിമൂന്നു വർഷം ജറുസലേമിലും. പിതാവായ ദാവീദിന്റെ സിംഹാസനത്തിൽ സോളമൻ ആരൂഢനായി. അവന്റെ രാജ്യം സൂപ്രതിഷ്‌ഠിതമായി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങ് സമസ്തവും ഭരിക്കുന്നു.
എല്ലാവരുടെയും മുൻപിൽവച്ച് കർത്താവിനെ സ്‌തുതിച്ചുക ണ്ടു ദാവീദ് പറഞ്ഞു: ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ കർത്താവേ, അങ്ങ് എന്നേക്കും വാഴ്ത്തപ്പെട്ടവൻ.
കർത്താവേ, അങ്ങ് സമസ്തവും ഭരിക്കുന്നു.
കർത്താവേ, മഹത്ത്വവും ശക്തിയും മഹിമയും വിജയവും ഔന്നത്യവും അങ്ങയുടേതാകുന്നു. ആകാശത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേത്.
കർത്താവേ, അങ്ങ് സമസ്തവും ഭരിക്കുന്നു.
കർത്താവേ, രാജ്യം അങ്ങയുടേത്; അങ്ങ് എല്ലാറ്റിന്റെയും അധീശനായി സ്തുതിക്കപ്പെടുന്നു. സമ്പത്തും ബഹുമാനവും അങ്ങാണു നല്‌കുന്നത്.
കർത്താവേ, അങ്ങ് സമസ്തവും ഭരിക്കുന്നു.
അല്ലേലൂയാ !
അല്ലേലൂയാ! ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(യേശു പന്ത്രണ്ടുപേരെ അടുത്തുവിളിച്ച് രണ്ടുപേരെ വീതം അയയ്ക്കാൻ തുടങ്ങി)
അക്കാലത്ത്, യേശു പന്ത്രണ്ടുപേരെ അടുത്തുവിളിച്ച് രണ്ടു പേരെ വീതം അയയ്ക്കാൻ തുടങ്ങി. അശുദ്‌ധാത്മാക്കളുടെമേൽ അവർക്ക് അധികാരവും കൊടുത്തു. അവൻ കല്‌പിച്ചു: യാത്രയ്ക്ക് വടിയല്ലാതെ മറ്റൊന്നും അപ്പമോ സഞ്ചിയോ അരപ്പട്ടയിൽ പണമോ കരുതരുത്. ചെരിപ്പു ധരിക്കാം, രണ്ട് ഉടുപ്പുകൾ ധരിക്കരുത്; അവൻ തുടർന്നു: നിങ്ങൾ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടിൽ പ്രവേശിച്ചാൽ, അവിടം വിട്ടുപോകുന്നതുവരെ ആ വീട്ടിൽ താമസിക്കുവിൻ. എവിടെയെങ്കിലും ജനങ്ങൾ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകൾ ശ്രവിക്കാതിരിക്കുകയോ ചെയ്താൽ അവിടെനിന്നു പുറപ്പെടുമ്പോൾ അവർക്കു സാക്‌ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിൻ. ശിഷ്യൻമാർ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു. അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി.




