ഫെബ്രുവരി 04 ബുധൻ
ഒന്നാം വായന
സാമുവലിന്റെ രണ്ടാം പുസ്തകത്തിൽനിന്ന്
(തെറ്റുചെയ്തത് ഞാനല്ലേ? ഈ പാവപ്പെട്ട ജനം എന്തു ദോഷം ചെയ്തു?)
അക്കാലത്ത്, ദാവീദു രാജാവ് യോവാബിനോടും സൈന്യത്തലവൻമാരോടും പറഞ്ഞു: ദാൻ മുതൽ ബേർഷെബാവരെയുള്ള ഇസ്രായേൽ ഗോത്രങ്ങളിലെ ജനത്തെ എണ്ണുക. എനിക്കു സംഖ്യ അറിയണം. യോവാബ് ജനസംഖ്യ രാജാവിനെ അറിയിച്ചു. സൈന്യസേവനത്തിനു പറ്റിയവർ ഇസ്രായേലിൽ എട്ടു ലക്ഷവും യൂദായിൽ അഞ്ചു ലക്‌ഷവും ഉണ്ടായിരുന്നു.
ജനസംഖ്യ എടുത്തു കഴിഞ്ഞപ്പോൾ ദാവീദിനു മനസ്സാക്ഷിക്കുത്തുണ്ടായി. ദാവീദ് കർത്താവിനോടു പറഞ്ഞു: ഞാൻ കൊടുംപാപം ചെയ്തിരിക്കുന്നു. കർത്താവേ, അങ്ങയുടെ ദാസന്റെ പാപം പൊറുക്കണമേ! ഞാൻ വലിയ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു. ദാവീദ് രാവിലേ എഴുന്നേറ്റപ്പോൾ അവന്റെ ദീർഘദർശിയായ ഗാദ്പ്രവാചകനോടു കർത്താവ് അരുൾചെയ്തു: നീ ചെന്ന് ദാവീദിനോടു പറയുക. കർത്താവ് അരുൾചെയ്യുന്നു ഇതാ മൂന്നു കാര്യങ്ങൾ. അതിലൊന്നു തിരഞ്ഞെടുത്തുകൊള്ളുക. അതു ഞാൻ നിന്നോടു ചെയ്യും.
ഗാദ്, ദാവീദിന്റെ അടുക്കൽ വന്നു പറഞ്ഞു: നിന്റെ രാജ്യത്ത് മൂന്നുവർഷം ക്ഷാമമുണ്ടാകുകയോ നീ ശത്രുക്കളിൽ നിന്നു മൂന്നു മാസം ഒളിവിൽ പാർക്കുകയോ നിന്റെ രാജ്യത്ത് മൂന്നു ദിവസം പകർച്ചവ്യാധി ഉണ്ടാവുകയോ ഏതു വേണം? എന്നെ അയച്ചവനു ഞാൻ മറുപടി കൊടുക്കേണ്ടതിന് നീ ആലോചിച്ച് ഉത്തരം നല്‌കുക. ദാവീദ് ഗാദിനോടു പറഞ്ഞു: ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു. കർത്താവിന്റെ കരംതന്നെ നമ്മുടെമേൽ പതിച്ചുകൊള്ളട്ടെ; എന്തെന്നാൽ, അവിടന്ന് അതി ദയാലുവാണല്ലോ. എന്നാൽ, ഞാൻ മനുഷ്യരുടെ പിടിയിലകപ്പെടാതിരിക്കട്ടെ!
അങ്ങനെ അന്നു പ്രഭാതം മുതൽ നിശ്ചിത സമയംവരെ കർത്താവ് ഒരു പകർച്ചവ്യാധി അയച്ചു. ദാൻ മുതൽ ബേർഷെബാ വരെ ജനത്തിൽ എഴുപതിനായിരംപേർ മരിച്ചു. കർത്താവിന്റെ ദുതൻ ജറുസലേം നശിപ്പിക്കാൻ കൈനീട്ടിയപ്പോൾ കർത്താവ് ആ തിൻമയെപ്പറ്റി അനുതപിച്ചു. സംഹാരദൂതനോട് അവിടന്നു കൽപിച്ചു: മതി, കൈ പിൻവലിക്കുക. കർത്താവിന്റെ ദൂതൻ ജബുസ്യനായ അരവ്‌നായുടെ മെതിക്കളത്തിനടുത്തായിരുന്നു. സംഹാരദൂതനെക്കണ്ടിട്ട് ദാവീദ് കർത്താവിനോട് അപേക്ഷിച്ചു: ഞാനല്ലേ കുറ്റക്കാരൻ? തെറ്റുചെയ്തത് ഞാനല്ലേ? ഈ പാവപ്പെട്ട ജനം എന്തു ദോഷം ചെയ്‌തു? എന്നെയും എന്റെ പിതൃ ഭവനത്തെയും ശിക്ഷിച്ചാലും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, എൻ്റെ പാപം ക്‌ഷമിക്കണമേ.
അതിക്രമങ്ങൾക്കു മാപ്പും പാപങ്ങൾക്കു മോചനവും ലഭിച്ചവൻ ഭാഗ്യവാൻ. കർത്താവു കുറ്റം ചുമത്താത്തവനും ഹൃദയത്തിൽ വഞ്ചനയില്ലാത്തവനും ഭാഗ്യവാൻ.
കർത്താവേ, എൻ്റെ പാപം ക്‌ഷമിക്കണമേ.
എന്റെ പാപം അവിടത്തോടു ഞാൻ ഏറ്റു പറഞ്ഞു; എന്റെ അകൃത്യം ഞാൻ മറച്ചുവച്ചില്ല; എൻ്റെ അതിക്രമങ്ങൾ കർത്താവിനോടു ഞാൻ ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ എന്റെ പാപം അവിടന്നു ക്‌ഷമിച്ചു.
കർത്താവേ, എൻ്റെ പാപം ക്‌ഷമിക്കണമേ.
ആകയാൽ, ദൈവഭക്‌തർ ആപത്തിൽ അവിടത്തോടു പ്രാർഥിക്കട്ടെ; കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും അത് അവരെ സമീപിക്കുകയില്ല.
കർത്താവേ, എൻ്റെ പാപം ക്‌ഷമിക്കണമേ.
അവിടന്ന് എന്റെ അഭയസങ്കേതമാണ്; അനർഥങ്ങളിൽ നിന്ന് അവിടന്നെന്നെ രക്ഷിക്കുന്നു; രക്‌ഷകൊണ്ട് എന്നെ പൊതിയുന്നു.
കർത്താവേ, എൻ്റെ പാപം ക്‌ഷമിക്കണമേ.
അല്ലേലൂയാ !
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: എൻ്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
മർക്കോസിൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകൻ അവമതിക്കപ്പെടുന്നില്ല)
അക്കാലത്ത്. യേശു സ്വന്തം നാട്ടിലെത്തി. ശിഷ്യൻമാർ അവനെ അനുഗമിച്ചു. സാബത്തുദിവസം സിനഗോഗിൽ അവൻ പഠി പ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്‌ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങൾ വഴി സംഭവിക്കുന്നത്. ഇവൻ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോൻ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവർ അവനിൽ ഇടറി. യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകൻ അവ മതിക്കപ്പെടുന്നില്ല. ഏതാനും രോഗികളുടെമേൽ കൈകൾ വച്ചു സുഖപ്പെടുത്താനല്ലാതെ മറ്റ് അദ്ഭുതമൊന്നും അവിടെ ചെയ്യാൻ അവനു സാധിച്ചില്ല. അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവൻ വിസ്‌മയിച്ചു. അവൻ ഗ്രാമപ്രദേശങ്ങളിൽ ചുറ്റിസഞ്ചരിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു.




