ഫെബ്രുവരി 03 ചൊവ്വ
ഒന്നാം വായന
സാമുവലിന്റെ രണ്ടാം പുസ്‌തകത്തിൽനിന്ന്
(എൻ്റെ മകനേ, അബ്സലോമേ. നിനക്കുപകരം ഞാൻ മരിച്ചിരുന്നെങ്കിൽ )
അക്കാലത്ത്, അബ്‌സലോം ദാവീദിന്റെ പടയാളികളുടെ ദൃഷ്ടിയിൽപ്പെട്ടു. അവൻ കോവർകഴുതപ്പുറത്ത് ഓടിച്ചുപോകുകയായിരുന്നു. അത് ഒരു വലിയ ഓക്കുമരത്തിന്റെ കീഴിലൂടെ കടന്നുപോകുമ്പോൾ അവന്റെ തലമുടി മരക്കൊമ്പിൽ കുരുങ്ങി, കോവർകഴുത ഓടിപ്പോയി. ആകാശത്തിനും ഭൂമിക്കും മധ്യേ അവൻ തൂങ്ങിനിന്നു. ഒരുവൻ അതുകണ്ടു യോവാബിനോടു പറഞ്ഞു: അബ്‌സലോം ഒരു ഓക്കുമരത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാൻ കണ്ടു.
യോവാബ് മൂന്നു കുന്തമെടുത്ത് ഓക്കുമരത്തിൽ ജീവനോടെ തൂങ്ങിക്കിടന്ന അബ്‌സലോമിന്റെ നെഞ്ചിൽ കുത്തിയിറക്കി.
ദാവീദ് പടിപ്പുരകൾക്കിടയിൽ ഇരിക്കുകയായിരുന്നു. കാവൽക്കാരൻ മതിലിനുമീതേ പടിപ്പുരയുടെ മുകളിൽ കയറി നോക്കി; ഒരുവൻ തനിയേ ഓടി വരുന്നു; കാവല്ക്കാരൻ രാജാവിനോടു വിളിച്ചു പറഞ്ഞു. രാജാവു പറഞ്ഞു: അവൻ തനിച്ചെങ്കിൽ സദ്വാർത്ത കൊണ്ടുവരുന്നു. അവൻ അടുത്തടുത്ത് വന്നു.
രാജാവു പറഞ്ഞു: നീ അങ്ങോട്ടു മാറിനില്ക്കുക. അവൻ മാറിനിന്നു. പിന്നെ കുഷ്യൻ എത്തി. രാജാവിനോടു പറഞ്ഞു:എന്റെ യജമാനനായ രാജാവിനു സദവാർത്ത! അങ്ങേക്കെതിരേ ഉയർന്ന എല്ലാവരുടെയും പിടിയിൽനിന്നു കർത്താവ് അങ്ങയെ മോചിപ്പിച്ചിരിക്കുന്നു. രാജാവു കുഷ്യനോടു ചോദിച്ചു: അബ്‌സലോം കുമാരൻ സുഖമായിരിക്കുന്നുവോ? അവൻ പറഞ്ഞു: അവനു സംഭവിച്ചത്, യജമാനന്റെ എല്ലാ ശത്രുക്കൾക്കും അങ്ങേക്കെതിരേ ഉയരുന്ന എല്ലാവർക്കും സംഭവിക്കട്ടെ. രാജാവ് വികാരാധീനനായി പടിപ്പുരമുകളിൽ കയറി വിലപിച്ചു. പോയവഴി അവൻ പറഞ്ഞു: എന്റെ മകനേ, അബ്സലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്സലോമേ, നിനക്കുപകരം ഞാൻ മരിച്ചിരുന്നെങ്കിൽ ! എന്റെ മകനേ, അബ്സലോമേ, എൻറ മകനേ!
അബ്സലോമിനെക്കുറിച്ചു രാജാവു വിലപിക്കുന്നതായി യോവാബ് കേട്ടു. രാജാവു തന്റെ മകനെക്കുറിച്ച് ദുഃഖിച്ചിരിക്കുന്നു എന്ന് കേട്ടതുകൊണ്ട് അന്നത്തെ വിജയം ജനത്തിനും ദുഃഖമായിത്തീർന്നു. തോറ്റോടുന്നവരെപ്പോലെ ലജ്ജിച്ച് അവർ പട്ടണത്തിലേക്കു പതുങ്ങിക്കയറി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ!
കർത്താവേ, ചെവി ചായിച്ച് എനിക്കുത്തരമരുളണമേ! ഞാൻ ദരിദ്രനും നിസ്‌സഹായനുമാണ്. എൻ്റെ ജീവൻ സംരക്‌ഷിക്കണമേ, ഞാൻ അങ്ങയുടെ ഭക്‌തനാണ്, അങ്ങിൽ ആശ്രയിക്കുന്ന ഈ ദാസനെ രക്‌ഷിക്കണമേ! അങ്ങാണ് എന്റെ ദൈവം.
കർത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ!
കർത്താവേ, എന്നോടു കരുണ കാണിക്കണമേ! ദിവസം മുഴുവനും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങയുടെ ദാസന്റെ ആത്മാവിനെ സന്തോഷിപ്പിക്കണമേ കർത്താവേ, ഞാൻ അങ്ങയിലേക്ക് എന്റെ മനസ്‌സിനെ ഉയർത്തുന്നു.
കർത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ!
കർത്താവേ, അങ്ങു നല്ലവനും ക്‌ഷമാശീലനുമാണ്; അങ്ങയെ വിളിച്ചപേക്‌ഷിക്കുന്നവരോട് അങ്ങു സമ്യദ്‌ധമായി കൃപ കാണിക്കുന്നു. കർത്താവേ, എൻ്റെ പ്രാർഥന കേൾക്കണമേ! എന്റെ യാചനയുടെ സ്വരം ശ്രദ്‌ധിക്കണമേ!
കർത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ!
അല്ലേലുയാ !
അല്ലേലൂയാ! കർത്താവ് നമ്മുടെ ബലഹീനതകൾ ഏറ്റെടുക്കുകയും രോഗങ്ങൾ വഹിക്കുകയും ചെയ്തു. അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ബാലികേ, എഴുന്നേല്ക്കു, എന്ന് യേശു പറഞ്ഞു)
അക്കാലത്ത്, യേശു വഞ്ചിയിൽ മറുകരെയെത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം അവനു ചുറ്റും കൂടി. അവൻ കടൽത്തിരത്തു നില്ക്കുകയായിരുന്നു. അപ്പോൾ, സിനഗോഗധികാരികളിൽ ഒരുവനായ ജായ്‌റോസ് അവിടെ വന്നു. അവൻ യേശുവിനെക്കണ്ട് കാല്ക്കൽ വീണ് അപേക്ഷിച്ചു: എന്റെ കൊച്ചുമകൾ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്, അവളുടെമേൽ കൈകൾവച്ച്, രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ!
യേശു അവന്റെ കൂടെപ്പോയി, വലിയൊരു ജനക്കൂട്ടം തിങ്ങി ഞെരുങ്ങി പിന്തുടർന്നു. പന്ത്രണ്ടു വർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. പല വൈദ്യൻമാരുടെയും അടുത്തു പോയി ഏറെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി മെച്ചപ്പെടുകയല്ല, കൂടുതൽ മോശമാവുകയാണു ചെയ്‌തത്. അവൾ യേശുവിനെ ക്കുറിച്ചു കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവൾ അവൻറ പിന്നിൽ ചെന്ന്, വസ്ത്രത്തിൽ സ്പർശിച്ചു. അവന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽ മാത്രം മതി, ഞാൻ സുഖം പ്രാപിക്കും എന്ന് അവൾ വിചാരിച്ചിരുന്നു. തത്‌ക്ഷണം അവളുടെ രക്ത സ്രാവം നിലച്ചു. താൻ രോഗവിമുക്‌തയായിരിക്കുന്നുവെന്ന് അവൾക്കു ശരീരത്തിൽ അനുഭവപ്പെട്ടു.യേശുവാകട്ടെ, തന്നിൽനിന്നു ശക്തി പുറപ്പെട്ടെന്ന് അറിഞ്ഞ്, പെട്ടെന്നു ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞു ചോദിച്ചു: ആരാണ് എന്റെ വസ്ത്രത്തിൽ സ്‌പർശിച്ചത്? ശിഷ്യൻമാർ അവനോടു പറഞ്ഞു: ജനം മുഴുവൻ നിനക്കുചുറ്റും തിക്കിക്കൂടുന്നതു കാണുന്നില്ലേ? എന്നിട്ടും, ആരാണ് എന്നെ സ്‌പർശിച്ചത് എന്നു നീ ചോദിക്കുന്നുവോ? ആരാണ് അതു ചെയ്‌തതെന്നറിയാൻ അവൻ ചുറ്റും നോക്കി. ആ സ്ത്രീ തനിക്കു സംഭവിച്ചതറിഞ്ഞ് ഭയന്നുവിറച്ച് അവന്റെ കാല്ക്കൽ വീണ് സത്യം തുറന്നുപറഞ്ഞു. അവൻ അവളോടു പറഞ്ഞു: മകളേ, നിൻെറ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; വ്യാധിയിൽനിന്നു വിമുക്‌തയായിരിക്കുക.
യേശു സംസാരിച്ചുകൊണ്ടിരിക്കേ, സിനഗോഗധികാരിയുടെ വീട്ടിൽനിന്ന് ചിലർ വന്നു പറഞ്ഞു: നിന്റെ മകൾ മരിച്ചു; ഗുരുവിനെ ഇനിയും എന്തിനു ബുദ്‌ധിമുട്ടിക്കുന്നു? അതുകേട്ട് യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക. പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരൻ യോഹന്നാനുമൊഴികെ മറ്റാരും തന്നോടു കൂടെ പോരാൻ അവൻ അനുവദിച്ചില്ല.
അവർ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ആളുകൾ വലിയ ബഹളം വയ്ക്കുന്നതും ഉച്ചത്തിൽ കരയുന്നതും അലമുറയിടുന്നതും അവൻ കണ്ടു. അകത്തു പ്രവേശിച്ച് അവൻ അവരോടു പറഞ്ഞു: എന്തിനാണു നിങ്ങൾ ബഹളം വയ്ക്കുകയും വിലപിക്കുകയും ചെയ്യുന്നത്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്. അവർ അവനെ പരിഹസിച്ചു. അവനാകട്ടെ, അവരെ എല്ലാവരെയും പുറത്താക്കി. അനന്തരം പെൺകുട്ടിയുടെ മാതാപിതാക്കന്മാരെയും തന്റെ കൂടെയുണ്ടായിരുന്നവരെയും കൂട്ടിക്കൊണ്ട് അവളെ കിടത്തിയിരുന്നിടത്തേക്ക് അവൻ ചെന്നു. അവൻ അവളുടെ കൈക്കുപിടിച്ചുകൊണ്ട്, ബാലികേ. എഴുന്നേല്ക്കു എന്നർഥമുള്ള തലീത്താകും എന്നുപറഞ്ഞും തൽക് ഷണം ബാലിക എഴുന്നേറ്റുനടന്നു. അവൾക്കു പന്ത്രണ്ടു വയസ്സു പ്രായമുണ്ടായിരുന്നു. അവർ അത്യന്തം വിസ്മയിച്ചു. ആരും ഈ വിവരം അറിയരുത് എന്ന് യേശു അവർക്കു കർശനമായ ആജ്‌ഞ നല്‌കി. അവൾക്കു ഭക്ഷണം കൊടുക്കാൻ അവൻ നിർദേശിച്ചു.




