ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (3 : 1 -11)
(നിങ്ങൾ ക്രിസ്തുവിനോടുകൂടെ മൃതരായിരിക്കുന്നതിനാൽ നിങ്ങളുടെ അവയവങ്ങളെ നിഗ്രഹിക്കുവിൻ)
സഹോദരരേ, ക്രിസ്‌തുവിനോടൊപ്പം നിങ്ങൾ ഉയിർപ്പിക്കപ്പെട്ടെങ്കിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിൻ. ഭൂമിയിലുള്ള വസ്‌തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയിൽ ശ്രദ്‌ധിക്കുവിൻ. എന്തെന്നാൽ, നിങ്ങൾ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവൻ ക്രിസ്‌തുവിനോടൊപ്പം ദൈവത്തിൽ നിഗൂഢമായി സ്‌ഥിതിചെയ്യുന്നു. നമ്മുടെ ജീവനായ ക്രിസ്‌തു പ്രത്യക്‌ഷനാകുമ്പോൾ അവനോടുകൂടെ നിങ്ങളും മഹത്ത്വത്തിൽ പ്രത്യക്‌ഷപ്പെടും.
അതുകൊണ്ട് നിങ്ങളിൽ ഭൗമികമായുള്ളതെല്ലാം-അസാൻ മാർഗികത, അശുദ്‌ധി, മനഃക്ഷോഭം, ദുർവിചാരങ്ങൾ, വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്‌തി ഇവയെല്ലാം-നശിപ്പിക്കുവിൻ. ഇവ നിമിത്തം ദൈവത്തിന്റെ ക്രോധം വന്നുചേരുന്നു. നിങ്ങളും ഒരിക്കൽ അവയ്ക്കനുസൃതമായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അവയെല്ലാം ദൂരെയെറിയുവിൻ, അമർഷം, ക്രോധം, ദുഷ്ടത, ദൈവദൂഷണം, അശുദ്ധ ഭാഷണം തുടങ്ങിയവ വർജിക്കുവിൻ.
പരസ്‌പരം കള്ളംപറയരുത്. പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ നിഷ്‌കാസനം ചെയ്യുവിൻ. സമ്പൂർണ ജ്‌ഞാനംകൊണ്ട് സ്രഷ്‌ടാവിന്റെ പ്രതിച്‌ഛായയ്ക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിൻ. ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ പരിച്‌ഛേദിതനെന്നോ അപരിച്ഛേദിതനെന്നോ അപരിഷ്കൃതനെന്നോ സിഥിയനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്തുതു എല്ലാമാണ്, എല്ലാവരിലുമാണ്.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (145: 2-3, 10-11, 12-13ab)
കർത്താവ് എല്ലാവർക്കും നല്ലവനാണ്.
അനുദിനം ഞാൻ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും. കർത്താവ് വലിയവനും അത്യന്തം സ്‌തുത്യർഹനുമാണ്; അവിടത്തെ മഹത്ത്വം അഗ്രാഹ്യമാണ്.
കർത്താവ് എല്ലാവർക്കും നല്ലവനാണ്.
കർത്താവേ, അവിടത്തെ എല്ലാ സൃഷ്ടികളും അവിടത്തേക്കു കൃതജ്‌ഞതയർപ്പിക്കും; അങ്ങയുടെ വിശുദ്ധർ അങ്ങയെ വാഴ്ത്തും. അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റി അവർ സംസാരിക്കും; അവിടത്തെ ശക്‌തി അവർ വർണിക്കും.
കർത്താവ് എല്ലാവർക്കും നല്ലവനാണ്.
അവിടത്തെ ശക്തതമായ പ്രവൃത്തികളും അവിടത്തെ രാജ്യത്തിന്റെ മഹത്ത്വപൂർണമായ പ്രതാപവും മനുഷ്യമക്കളെ അവർ അറിയിക്കും. അവിടത്തെ രാജത്വം ശാശ്വതമാണ്; അവിടത്തെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു.
കർത്താവ് എല്ലാവർക്കും നല്ലവനാണ്.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (ലൂക്കാ 6 : 23ab).
അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: നിങ്ങൾ ആഹ്ലാദിക്കുവിൻ, സന്തോഷിച്ചു കുതിച്ചുചാടുവിൻ; സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന(6: 20-26)
(ദരിദ്രരേ, നിങ്ങൾ ഭാഗ്യവാൻമാർ; സമ്പന്നരേ, നിങ്ങൾക്കു ദുരിതം)
അക്കാലത്ത്, യേശു ശിഷ്യരുടെ നേരേ കണ്ണുകളുയർത്തി അരുൾചെയ്തു: ദരിദ്രരേ, നിങ്ങൾ ഭാഗ്യവാൻമാർ; ദൈവരാജ്യം നിങ്ങളുടേതാണ്. ഇപ്പോൾ വിശപ്പു സഹിക്കുന്നവരേ, നിങ്ങൾ ഭാഗ്യവാൻമാർ; നിങ്ങൾ തൃപ്തരാക്കപ്പെടും. ഇപ്പോൾ കരയുന്നവരേ, നിങ്ങൾ ഭാഗ്യവാൻമാർ; നിങ്ങൾ ചിരിക്കും. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേര് ദുഷിച്ചതായിക്കരുതി തിരസ്കരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ. അപ്പോൾ നിങ്ങൾ ആഹ്ലാദിക്കുവിൻ, സന്തോഷിച്ചു കുതിച്ചുചാടുവിൻ; സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അവരുടെ പിതാക്കൻമാർ പ്രവാചകൻമാരോടും ഇപ്രകാരം തന്നെയാണ് പ്രവർത്തിച്ചത്.
എന്നാൽ, സമ്പന്നരേ, നിങ്ങൾക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞു. ഇപ്പോൾ സംതൃപ്തരായി കഴിയുന്നവരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ ദുഃഖിച്ചു കരയും. മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോൾ നിങ്ങൾക്കു ദുരിതം! അവരുടെ പിതാക്കൻമാർ വ്യാജപ്രവാചകൻമാരോടും അങ്ങനെ തന്നെ ചെയ്തു.




