Word of God

ആണ്ടുവട്ടം ഇരുപത്താറാം വാരം : ചൊവ്വ സെപ്തംബർ : 30 വചന വായന

ഒന്നാം വായന

സഖറിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (8 : 20 -23)

(അനേകം ജനതകൾ കർത്താവിനെത്തേടി ജറുസലേമിൽ വരും)

സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു: ജനതകൾ, അനേകം നഗരങ്ങളിലെ നിവാസികൾ, ഇനിയും വരും. ഒരു പട്ടണത്തിലെ നിവാസികൾ മറ്റൊന്നിൽ ചെന്നു പറയും; നമുക്കു വേഗം ചെന്ന് കർത്താവിന്റെ പ്രീതിക്കായി പ്രാർഥിക്കാം; നമുക്കു സൈന്യങ്ങളുടെ കർത്താവിന്റെ സാന്നിധ്യം തേടാം. ഞാൻ പോവുകയാണ്. അനേകം ജനതകളും ശക്തമായ രാജ്യങ്ങളും സൈന്യങ്ങളുടെ കർത്താവിനെത്തേടി ജറുസലേമിലേക്കുവന്ന് അവിടത്തെ പ്രീതിക്കായി പ്രാർഥിക്കും. സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു: വിവിധ ഭാഷകൾ സംസാരിക്കുന്ന ജനതകളിൽനിന്നു പത്തുപേർ, ഒരു യഹൂദൻ്റെ അങ്കിയിൽ പിടിച്ചുകൊണ്ടു പറയും: ഞങ്ങൾ നിന്റെ കൂടെ വരട്ടേ? ദൈവം നിന്നോടുകൂടെയുണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കുന്നു.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (87:1-3, 4-5, 6-7)

ദൈവം നിങ്ങളോടുകൂടെയുണ്ട്.

അവിടന്നു വിശുദ്‌ധഗിരിയിൽ തന്റെ നഗരം സ്‌ഥാപിച്ചു. യാക്കോബിന്റെ എല്ലാ വാസസ്‌ഥലങ്ങളെയുംകാൾ സീയോന്റെ കവാടങ്ങളെ കർത്താവു സ്നേഹിക്കുന്നു. ദൈവത്തിന്റെ നഗരമേ, നിന്നെപ്പറ്റി മഹത്തായ കാര്യങ്ങൾ പറയപ്പെടുന്നു.

ദൈവം നിങ്ങളോടുകൂടെയുണ്ട്.

എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽ റാഹാബും ബാബിലോണും ഉൾപ്പെടുന്നു, ഫിലിസ്‌ത്യയിലും ടയിറിലും എത്യോപ്യയിലും വസിക്കുന്നവരെക്കുറിച്ച് അവർ ഇവിടെ ജനിച്ചതാണെന്നു പറയുന്നു. സകലരും അവിടെ ജനിച്ചതാണ് എന്നു സീയോനെക്കുറിച്ചു പറയും; അത്യുന്നതൻ തന്നെയാണ് അവളെ സ്ഥാപിച്ചത്.

ദൈവം നിങ്ങളോടുകൂടെയുണ്ട്.

കർത്താവു ജനതകളുടെ കണക്കെടുക്കുമ്പോൾ, ഇവൻ അവിടെ ജനിച്ചു എന്നു രേഖപ്പെടുത്തും, എൻ്റെ ഉറവകൾ നിന്നിലാണ് എന്നു ഗായകരും നർത്തകരും ഒന്നുപോലെ പാടും.

ദൈവം നിങ്ങളോടുകൂടെയുണ്ട്.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (മർക്കോ 10:45)

അല്ലേലൂയാ!
അല്ലേലൂയാ! മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തംജീവൻ അനേകർക്കു വേണ്ടി നല്കാനുമത്രേ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (9: 51-56)

(ജറുസലേമിലേക്കു പോകാൻ യേശു ഉറച്ചു)

തൻറെ ആരോഹണത്തിൻ്റെ ദിവസങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കവേ, യേശു ജറുസലേമിലേക്കു പോകാൻ ഉറച്ചു. അവൻ തനിക്കു മുമ്പേ ഏതാനും ദൂതൻമാരെ അയച്ചു. അവനു വേണ്ട ഒരുക്കങ്ങൾ ചെയ്യാൻ അവർ സമരിയാക്കാരുടെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചു. അവൻ ജറുസലേമിലേക്കു പോവുകയായിരുന്നതുകൊണ്ട് അവർ അവനെ സ്വീകരിച്ചില്ല. ഇതു കണ്ടപ്പോൾ ശിഷ്യൻമാരായ യാക്കോബും യോഹന്നാനും പറഞ്ഞു: കർത്താവേ, സ്വർഗത്തിൽനിന്ന് അഗ്നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങൾ പറയട്ടെയോ? അവൻ തിരിഞ്ഞ് അവരെ ശാസിച്ചു. അവർ മറ്റൊരു ഗ്രാമത്തിലേക്കുപോയി.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.