ഒന്നാം വായന
എസ്രായുടെ പുസ്‌തകത്തിൽ നിന്ന് (1 : 1 -6)
(കർത്താവിന്റെ ജനത്തിലൊരുവൻ ജറുസലേമിലേക്കു പുറപ്പെട്ട്, കർത്താവിന് ഒരാലയം നിർമിക്കട്ടെ)
ജറെമിയായിലൂടെ കർത്താവ് അരുൾചെയ്‌ത വചനങ്ങൾ നിറവേറ്റേണ്ടതിന് പേർഷ്യാ രാജാവായ സൈറസിനെ അവന്റെ ഒന്നാം ഭരണവർഷം കർത്താവ് പ്രചോദിപ്പിക്കുകയും അവൻ ഒരു വിളംബരമെഴുതി രാജ്യം മുഴുവൻ പ്രസിദ്‌ധപ്പെടുത്തുകയും ചെയ്തു. പേർഷ്യാ രാജാവായ സൈറസ് അറിയിക്കുന്നു: സ്വർഗത്തിന്റെ ദൈവമായ കർത്താവ് ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നല്‌കുകയും യൂദായിലെ ജറുസലേമിൽ അവിടത്തേക്ക് ആലയം പണിയാൻ എന്നെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവിടത്തെ ജനമായി നിങ്ങളുടെയിടയിലുള്ളവർ അവിടന്ന് അവരോടുകൂടെ ഉണ്ടായിരിക്കട്ടെ – യൂദായിലെ – ജറുസലേമിൽ ചെന്ന് ഇസ്രായേലിന്റെ ദൈവമായ കർത്താവിന്റെ ആലയം വീണ്ടും നിർമിക്കട്ടെ. ജറുസലേമിൽ വസിക്കുന്ന ദൈവമാണ് അവിടന്ന്. അവശേഷിക്കുന്ന ജനം എവിടെ വസിക്കുന്നവരായാലും, അവരെ തദ്‌ദേശവാസികൾ ജറുസലേമിലെ ദേവാലയത്തിനുവേണ്ടി സ്വാഭീഷ്‌ടക്കാഴ്‌ചകൾക്കു പുറമേ വെള്ളി, സ്വർണം, ഇതരവസ്തുക്കൾ, മൃഗങ്ങൾ എന്നിവ നല്‌കി സഹായിക്കട്ടെ.
അപ്പോൾ യൂദായുടെയും ബെഞ്ചമിന്റെയും ഗോത്രത്തലവൻമാരും പുരോഹിതരും ലേവ്യരും ദൈവത്താൽ ഉത്തേജിതരായി ജറുസലേമിലെ കർത്താവിന്റെ ആലയത്തിന്റെ പുനർനിർമാണത്തിനു പുറപ്പെട്ടു. അവർ വസിച്ചിരുന്ന ദേശത്തെ ആളുകൾ സ്വാഭീഷ്ടക്കാഴ്ചകൾക്കു പുറമേ വെള്ളിപ്പാത്രങ്ങൾ, സ്വർണം, ഇതരവസ്തുക്കൾ, മൃഗങ്ങൾ, വിലയേറിയ സാധനങ്ങൾ ഇവ നല്‌കി അവരെ സഹായിച്ചു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (126: 1-2ab, 2cd-3, 4, 5)
കർത്താവു ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.
കർത്താവു പ്രവാസികളെ സീയോനിലേക്കു തിരിച്ചുകൊണ്ടു വന്നപ്പോൾ അത് ഒരു സ്വപ്‌നമായിത്തോന്നി. അന്നു ഞങ്ങൾ പൊട്ടിച്ചിരിച്ചു; ഞങ്ങളുടെ നാവ് ആനന്ദാരവം മുഴക്കി.
കർത്താവു ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.
കർത്താവ് അവരുടെയിടയിൽ വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു എന്ന് ജനതകളുടെയിടയിൽ പ്രഘോഷിക്കപ്പെട്ടു. കർത്താവു ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കു ന്നു; ഞങ്ങൾ സന്തോഷിക്കുന്നു.
കർത്താവു ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.
നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ കർത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനഃസ്‌ഥാപിക്കണമേ!
കർത്താവു ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.
കണ്ണീരോടെ വിതയ്ക്കുന്നവർ ആനന്ദഘോഷത്തോടെ കൊയ്യട്ടെ! വിത്തു ചുമന്നുകൊണ്ട് വിലാപത്തോടെ വിതയ്ക്കാൻ പോകുന്നവൻ കറ്റ ചുമന്നുകൊണ്ട് ആഹ്ളാദത്തോടെ വീട്ടിലേക്കു മടങ്ങും.
കർത്താവു ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (മത്താ 5/16 )
അല്ലേലൂയാ!
അല്ലേലൂയാ! മനുഷ്യർ നിങ്ങളുടെ സൽപ്രവൃത്തികൾ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വ പ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (8:16-18)
(വെളിച്ചം എല്ലാവരും കാണേണ്ടതിന്, വിളക്കു പീഠത്തിന്മേലത്രേ വയ്ക്കുക)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുൾചെയ്തു: ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലി നടിയിൽ വയ്ക്കുകയോ ചെയ്യുന്നില്ല, മറിച്ച്, അകത്തു പ്രവേശിക്കുന്നവർക്ക് വെളിച്ചം കാണാൻ അത് പീഠത്തിൻമേൽ വയ്ക്കുന്നു. മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല. ആകയാൽ, നിങ്ങൾ എപ്രകാരമാണു കേൾക്കുന്നതെന്ന് സൂക്ഷിച്ചുകൊള്ളുവിൻ. എന്തെന്നാൽ, ഉള്ളവനു പിന്നെയും നല്കപ്പെടും; ഇല്ലാത്തവനിൽ നിന്ന് ഉണ്ടെന്ന് അവൻ വിചാരിക്കുന്നതുകൂടെയും എടുക്കപ്പെടും.




