ഫെബ്രുവരി 17 ചൊവ്വ
ഒന്നാം വായന
വി. യാക്കോബ് എഴുതിയ ലേഖനത്തിൽനിന്ന്
(അവിടന്ന് ആരെയും പരീക്ഷിക്കുന്നുമില്ല)
പരീക്‌ഷകൾ ക്‌ഷമയോടെ സഹിക്കുന്നവൻ ഭാഗ്യവാൻ. എന്തെന്നാൽ, അവൻ പരീക്‌ഷകൾ അതിജീവിച്ചു കഴിയുമ്പോൾ തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്റെ കിരീടം അവനു ലഭിക്കും. പരീക്‌ഷിക്കപ്പെടുമ്പോൾ, താൻ ദൈവത്താലാണ് പരീക്‌ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാൽ, ദൈവം തിൻമയാൽ പരീക്‌ഷിക്കപ്പെടുന്നില്ല, അവിടന്ന് ആരെയും പരീക്‌ഷിക്കുന്നുമില്ല. ഓരോരുത്തരും പരീക്‌ഷിക്കപ്പെടുന്നത് സ്വന്തം ദുർമോഹങ്ങളാൽ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്. ദുർമോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂർണ വളർച്ച പ്രാപിക്കുമ്പോൾ മരണം ജനിപ്പിക്കുന്നു. എൻെറ പ്രിയസഹോദരരേ, നിങ്ങൾക്കു മാർഗഭ്രംശം സംഭവിക്കരുത്. ഉത്തമവും പൂർണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തിൽനിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവിൽനിന്നു വരുന്നു. തന്റെ സൃഷ്ടികളിൽ ആദ്യഫലമാകേണ്ടതിന് സത്യത്തിന്റെ വചനത്താൽ, നമുക്കു ജൻമം നല്‌കാൻ അവിടന്നു തിരുമനസ്‌സായി.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനനം
കർത്താവേ, അവിടന്നു ശിക്ഷിക്കുകയും നിയമം പഠിപ്പിക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ
കർത്താവേ, അവിടന്നു ശിക്ഷിക്കുകയും നിയമം പഠിപ്പിക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ. അവിടന്ന് അവനു ക്ഷടകാലങ്ങളിൽ വിശ്രമം നല്‌കുന്നു, ദുഷ്‌ടനെ പിടികൂടാൻ കുഴികുഴിക്കുന്നതുവരെ.
കർത്താവേ, അവിടന്നു ശിക്ഷിക്കുകയും നിയമം പഠിപ്പിക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ
കർത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല; അവിടന്നു തന്റെ അവകാശം ഉപേക്‌ഷിക്കുകയില്ല. വിധികൾ വീണ്ടും നീതിപൂർവകമാകും; പരമാർഥഹൃദയമുള്ളവർ അതു മാനിക്കും.
കർത്താവേ, അവിടന്നു ശിക്ഷിക്കുകയും നിയമം പഠിപ്പിക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ
എന്റെ കാൽ വഴുതുന്നു എന്നു ഞാൻ വിചാരിച്ചപ്പോഴേക്കും കർത്താവേ, അങ്ങയുടെ കാരുണ്യം എന്നെ താങ്ങിനിർത്തി. എന്റെ ഹൃദയത്തിൻ്റെ ആകുലതകൾ വർധിക്കുമ്പോൾ അങ്ങ് നല്കുന്ന ആശ്വാസം എന്നെ ഉൻമേഷവാനാക്കുന്നു.
കർത്താവേ, അവിടന്നു ശിക്ഷിക്കുകയും നിയമം പഠിപ്പിക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ
അല്ലേലൂയാ !
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു. എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എൻ്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവൻ്റെ അടുത്തുവന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കുവിൻ)
അക്കാലത്ത്, ശിഷ്യൻമാർ അപ്പമെടുക്കാൻ മറന്നുപോയിരുന്നു. വഞ്ചിയിൽ അവരുടെ പക്കൽ ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. യേശു മുന്നറിയിപ്പു നല്കി: നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കുവിൻ. അവൻ ഇങ്ങനെ പറഞ്ഞത്, തങ്ങളുടെ പക്കൽ അപ്പം ഇല്ലാത്തതുകൊണ്ടാണെന്ന് അവർ പരസ്‌പരം പറഞ്ഞു. ഇതു മനസ്‌സിലാക്കിയ യേശു അവരോടു പറഞ്ഞു: നിങ്ങൾക്ക് അപ്പമില്ലാത്തതിനെക്കുറിച്ച് എന്തിനു തർക്കിക്കുന്നു? ഇനിയും നിങ്ങൾ മനസ്‌സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ഹ്യദയങ്ങൾ മന്ദീഭവിച്ചിരിക്കുന്നുവോ? കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങൾ കേൾക്കുന്നില്ലേ? നിങ്ങൾ ഓർമിക്കുന്നില്ലേ? അഞ്ചപ്പം ഞാൻ അയ്യായിരം പേർക്കായി ഭാഗിച്ചപ്പോൾശേഷിച്ച കഷണങ്ങൾ നിങ്ങൾ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്ന് അവർ പറഞ്ഞു. ഏഴപ്പം നാലായിരം പേർക്കു വീതിച്ചപ്പോൾ മിച്ചം വന്ന കഷണങ്ങൾ നിങ്ങൾ എത്ര കുട്ട എടുത്തു? ഏഴ് എന്ന് അവർ മറുപടി പറഞ്ഞു. അവൻ ചോദിച്ചു: എന്നിട്ടും നിങ്ങൾ ഗ്രഹിക്കുന്നില്ലേ?




