ഫെബ്രുവരി 14 ശനി
ഒന്നാം വായന
രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിൽനിന്ന്
(ജറോബോവാം സ്വർണംകൊണ്ട് രണ്ടു കാളക്കുട്ടിയെ നിർമിച്ചു)
അക്കാലത്ത്, ജറോബോവാം ആത്മഗതം ചെയ്തു: ദാവീദിന്റെ ഭവനത്തിലേക്കു രാജ്യം തിരികെപ്പോകും. ഈ ജനം ജറുസലേമിൽ കർത്താവിന്റെ ഭവനത്തിൽ ബലിയർപ്പിക്കാൻ പോയാൽ യൂദാരാജാവായ റഹോബോവാമിൻ്റെ നേർക്ക് അവരുടെ മനസ്സു തിരിയുകയും അവർ എന്നെ വധിച്ചതിനുശേഷം അവനെ അനുഗമിക്കുകയും ചെയ്യും. അതിനാൽ, രാജാവ് ഒരുപായം കണ്ടുപിടിച്ചു. സ്വർണം കൊണ്ട് രണ്ടു കാളക്കുട്ടികളെ നിർമിച്ചിട്ട് അവൻ ജനത്തോടു പറഞ്ഞു: നിങ്ങൾ ജറുസലേമിലേക്കു പോകേണ്ടാ. ഇസ്രായേൽജനമേ, ഇതാ, ഈജിപ്തിൽ നിന്നു നിങ്ങളെ മോചിപ്പിച്ച ദേവൻമാർ. അവൻ അവയിലൊന്നിനെ ബഥേലിലും ഒന്നിനെ ദാനിലും പ്രതിഷ്ഠിച്ചു. ഇതു പാപമായിത്തീർന്നു. ബഥേലിലെയും ദാനിലെയും പ്രതിഷ്ഠകളുടെ അടുത്തേക്ക് ജനം പൊയ്ക്കൊണ്ടിരുന്നു. അവൻ പൂജാഗിരികൾ ഉണ്ടാക്കി, ലേവി ഗോത്രത്തിൽപ്പെടാത്തവരെ പുരോഹിതൻമാരാക്കി. യൂദായിൽ ആഘോഷിച്ചിരുന്ന തിരുനാളിനു തുല്യമായി ജറോബോവാം എട്ടാംമാസം പതിനഞ്ചാം ദിവസം ഒരു ഉത്സവം ഏർപ്പെടുത്തി, ബലിപീഠത്തിൽ അവൻ ബലികളർപ്പിച്ചു. താൻ നിർമിച്ച കാളക്കുട്ടികൾക്ക് ബഥേലിൽ അവൻ ഇപ്രകാരം ബലിയർപ്പിച്ചു. പൂജാഗിരികളിൽ നിയമിച്ചിരുന്ന പുരോഹിതൻമാരെ ബഥേലിൽ നിയമിച്ചു.
ജറോബോവാം അധർമത്തിൽനിന്നു പിന്തിരിഞ്ഞില്ല. എല്ലാ ജനവിഭാഗങ്ങളിലും നിന്നു പൂജാഗിരികളിൽ പുരോഹിതൻമാരെ നിയമിച്ചു. ആഗ്രഹിച്ചവരെയൊക്കെ അവൻ പുരോഹിതൻമാരാക്കി. ഭൂമുഖത്തുനിന്നു നിർമാർജനം ചെയ്യപ്പെടത്തക്കവിധം ജറോബോവാമിന്റെ ഭവനത്തിന് ഇതു പാപമായിത്തീർന്നു.
കർത്താവിന്റെ വചനം
കർത്താവേ അവിടന്ന് ജനത്തോട് കാരുണ്യം കാണിക്കുമ്പോൾ എന്നെ ഓർക്കണമേ!
ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പാപം ചെയ്തു ഞങ്ങൾ അനീതി പ്രവർത്തിച്ചു ഞങ്ങൾ ദുഷ്ടതയോടെ പെരുമാറി ഞങ്ങളുടെ പിതാക്കൻമാർ ഈജിപ്തിലായിരുന്നപ്പോൾ, അങ്ങയുടെ അദ്ഭുതങ്ങൾ ഗൗനിച്ചില്ല.
കർത്താവേ അവിടന്ന് ജനത്തോട് കാരുണ്യം കാണിക്കുമ്പോൾ എന്നെ ഓർക്കണമേ!
അവർ ഹോറബിൽ വച്ചു കാളക്കുട്ടിയെ ഉണ്ടാക്കി; ആ വാർപ്പുവിഗ്രഹത്തെ അവർ ആരാധിച്ചു. അങ്ങനെ അവർ ദൈവത്തിനു നല്കേണ്ട മഹത്ത്വം പുല്ലുതിന്നുന്ന കാളയുടെ ബിംബത്തിനു നല്കി.
കർത്താവേ അവിടന്ന് ജനത്തോട് കാരുണ്യം കാണിക്കുമ്പോൾ എന്നെ ഓർക്കണമേ!
ഈജിപ്തിൽ വച്ച് വൻകാര്യങ്ങൾ ചെയ്ത് തങ്ങളുടെ രക്ഷകനായ ദൈവത്തെ അവർ മറന്നു. ഹാമിന്റെ നാട്ടിൽ വച്ച് വിസ്മയനീയമായ പ്രവൃത്തികളും ചെങ്കടലിൽ വച്ചു ഭീതിജനകമായ കാര്യങ്ങളും ചെയ്തവനെ അവർ വിസ്മരിച്ചു.
കർത്താവേ അവിടന്ന് ജനത്തോട് കാരുണ്യം കാണിക്കുമ്പോൾ എന്നെ ഓർക്കണമേ!
അല്ലേലൂയാ !
അല്ലേലൂയാ! മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവിൽനിന്ന് പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്. അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ജനം ഭക്ഷിച്ചു തൃപ്തരായി)
ആ ദിവസങ്ങളിൽ വീണ്ടും ഒരു വലിയ ജനാവലി ഒന്നിച്ചു കൂടി. അവർക്കു ഭക്ഷിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. യേശു ശിഷ്യൻമാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു. ഇവർ മൂന്നു ദിവസമായി എന്നോടുകൂടെയാണ്. അവർക്കു ഭക്ഷിക്കാൻ ഒന്നുമില്ല. അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാൽ വഴിയിൽ തളർന്നുവീണേക്കും. ചിലർ ദൂരെനിന്നു വന്നവരാണ്. ശിഷ്യൻമാർ അവനോടു ചോദിച്ചു: ഈ വിജനസ്ഥലത്ത് ഇവർക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ? അവൻ ചോദിച്ചു: നിങ്ങളുടെ പക്കൽ എത്ര അപ്പമുണ്ട്? ഏഴ് എന്ന് അവർ പറഞ്ഞു. അവൻ ജനക്കൂട്ടത്തോടു നിലത്തിരിക്കാൻ ആജ്ഞാപിച്ചു. പിന്നീട്, അവൻ ആ ഏഴപ്പം എടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ച് ജനങ്ങൾക്കു വിളമ്പാൻ ശിഷ്യൻമാരെ ഏല്പിച്ചു. അവർ അതു ജനങ്ങൾക്കു വിളമ്പി. കുറെ ചെറിയ മത്സ്യങ്ങളും അവരുടെ പക്കലുണ്ടായിരുന്നു. അവൻ അവയും ആശീർവദിച്ചു; വിളമ്പാൻ ശിഷ്യൻമാരെ ഏല് പിച്ചു. ജനം ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങൾ ഏഴു കുട്ട നിറയെ അവർ ശേഖരിച്ചു. ഭക്ഷിച്ചവർ ഏകദേശം നാലായിരം പേരുണ്ടായിരുന്നു. അവൻ അവരെ പറഞ്ഞയച്ചശേഷം ശിഷ്യൻമാരോടൊപ്പം ഒരു വഞ്ചിയിൽ കയറി ദൽമാനുത്താ പ്രദേശത്തേക്കു പോയി.




