രണ്ടാം വാരം : വ്യാഴം
ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(ഇസ്രായേലിന്റെ പരിശുദ്ധനാണ് നിൻ്റെ രക്ഷകൻ)
നിൻെറ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാൻ നിന്നെ സഹായിക്കും.
കർത്താവ് അരുൾചെയ്യുന്നു: കൃമിയായ യാക്കോബേ, ഇസ്രായേല്യരേ, ഭയപ്പെടേണ്ടാ. ഞാൻ നിന്നെ സഹായിക്കും. കർത്താവ് അരുൾചെയ്യുന്നു: ഇസ്രായേലിൻ്റെ പരിശുദ്ധനാണ് നിന്റെ രക്ഷകൻ. ഞാൻ നിന്നെ പുതിയതും മൂർച്ചയേറിയതും പല്ലുള്ള ചക്രങ്ങളോടുകൂടിയതുമായ ഒരു മെതിവണ്ടിയാക്കും; നീ മലകൾ മെതിച്ചു പൊടിയാക്കും; കുന്നുകൾ പതിരു പോലെയാക്കും. നീ അവയെ പാറ്റുകയും കാറ്റ് അവയെ പറപ്പിച്ചു കളയുകയും കൊടുങ്കാറ്റ് അവയെ ചിതറിക്കുകയും ചെയ്യും. നീ കർത്താവിൽ ആനന്ദിക്കും; ഇസ്രായേലിന്റെ പരിശുദ്ധനിൽ അഭിമാനം കൊള്ളും. ദരിദ്രരും നിരാലംബരും ജലം അന്വേഷിച്ചു കണ്ടെത്താതെ, ദാഹത്താൽ നാവു വരണ്ടുപോകുമ്പോൾ, കർത്താവായ ഞാൻ അവർക്ക് ഉത്തരമരുളും. ഇസ്രായേലിന്റെ ദൈവമായ ഞാൻ അവരെ കൈവെടിയുകയില്ല. പാഴ്മലകളിൽ നദികളും താഴ്വരകളുടെ മധ്യേ ഉറവകളും ഞാൻ ഉണ്ടാക്കും; മരുഭുമി ജലാശയവും വരണ്ട പ്രദേശം നീരുറവയുമാക്കും മരുഭൂമിയിൽ ദേവദാരു, കരുവേലകം, കൊളുന്ത്, ഒലിവ് എന്നിവ ഞാൻ നടും. മണലരണ്യത്തിൽ സരളവൃക്ഷവും പൈൻമരവും പുന്നയും വച്ചുപിടിപ്പിക്കും. ഇസ്രായേലിന്റെ പരിശുദ്ധൻ ഇവയെല്ലാം സൃഷ്ടിച്ചുവെന്നും അവിടത്തെ കരങ്ങളാണ് ഇവയെല്ലാം ചെയ്തതെന്നും മനുഷ്യർ കണ്ട് അറിയാനും ചിന്തിച്ചു മനസ്സിലാക്കാനും വേണ്ടിത്തന്നെ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്.
എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാൻ പുകഴ്ത്തും; ഞാൻ അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും. കർത്താവ് എല്ലാവർക്കും നല്ലവനാണ്; തന്റെ സർവസൃഷ്ടിയുടെയും മേൽ അവിടന്നു കരുണ ചൊരിയുന്നു.
കർത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്.
കർത്താവേ, അവിടത്തെ എല്ലാ സൃഷ്ടികളും അവിടത്തേക്കു കൃതജ്ഞതയർപ്പിക്കും; അങ്ങയുടെ വിശുദ്ധർ അങ്ങയെ വാഴ്ത്തും. അവിടത്തെ രാജ്യത്തിൻ്റെ മഹത്ത്വത്തെപ്പറ്റി അവർ സംസാരിക്കും; അവിടത്തെ ശക്തി അവർ വർണിക്കും.
കർത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്.
അവിടത്തെ ശക്തമായ പ്രവൃത്തികളും അവിടത്ത രാജ്യത്തിന്റെ മഹത്ത്വപൂർണമായ പ്രതാപവും മനുഷ്യമക്കളെ അവർ അറിയിക്കും. അവിടത്തെ രാജത്വം ശാശ്വതമാണ്. അവിടത്തെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു. കർത്താവ് വാഗ്ദാനങ്ങളിൽ വിശ്വസ്തനും പ്രവൃത്തികളിൽ കാരുണ്യവാനുമാണ്.
കർത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്.
അല്ലേലൂയാ !
അല്ലേലൂയാ! സ്വർഗങ്ങളേ, മുകളിൽനിന്ന് പൊഴിയുക. ആകാശം നീതിചൊരിയട്ടെ! ഭൂമിതുറന്ന് രക്ഷമുളയ്ക്കട്ടെ! അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സ്ത്രീകളിൽനിന്നു ജനിച്ചവരിൽ സ്നാപകയോഹന്നാനെക്കാൾ വലിയവൻ ഇല്ല)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുൾചെയ്തു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ സ്നാപകയോഹന്നാനെക്കാൾ വലിയവൻ ഇല്ല. എങ്കിലും സ്വർഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവനാണ്. സ്നാപകയോഹന്നാൻ നാളുകൾ മുതൽ ഇന്നുവരെ സ്വർഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാൻമാർ അതു പിടിച്ചടക്കുന്നു. യോഹന്നാൻ വരെ സകല പ്രവാചകൻമാരും നിയമവും പ്രവചനം നടത്തി. നിങ്ങൾ സ്വീകരിക്കാൻ തയ്യാറാണെങ്കിൽ ഇവനാണ് വരാനിരിക്കുന്ന ഏലിയാ.




