Word of God

ആഗമനകാലം രണ്ടാം വാരം : ബുധൻ വചനവായന

രണ്ടാം വാരം : ബുധൻ

ഒന്നാം വായന

ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്

(തളർന്നവന് കർത്താവ് ബലംനല്‌കുന്നു; ദുർബലന് ശക്തി പകരുകയും ചെയ്യുന്നു)

ആരോടു നിങ്ങളെന്നെ ഉപമിക്കും, ആരോടാണെനിക്കു സാദൃശ്യം എന്ന് പരിശുദ്‌ധനായവൻ ചോദിക്കുന്നു. നിങ്ങൾ കണ്ണുയർത്തി കാണുവിൻ, ആരാണിവയെല്ലാം സ്യഷ്‌ടിച്ചത് ? പേരു ചൊല്ലി വിളിച്ച് അവയുടെ ഗണത്തെ എണ്ണമനുസരിച്ച് പുറത്തു കൊണ്ടുവരുന്നവൻ തന്നെ. അവിടത്തെ ശക്തിയുടെ മഹത്ത്വവും പ്രഭാവവും മൂലം അവയിലൊന്നുപോലും നഷ്ടപ്പെടുന്നില്ല.

യാക്കോബേ, ഇസ്രായേലേ, എൻറെ വഴികൾ കർത്താവിൽ നിന്നു മറഞ്ഞിരിക്കുന്നു. എൻ്റെ അവകാശം ദൈവം കണക്കിലെടുക്കുന്നില്ല എന്നു നീ പരാതി പറയുന്നത് എന്തുകൊണ്ടാണ്? നിങ്ങൾക്ക് അറിഞ്ഞുകൂടേ? നിങ്ങൾ കേട്ടിട്ടില്ലേ? കർത്താവ് നിത്യനായ ദൈവവും ഭൂമി മുഴുവന്റെയും സ്രഷ്‌ടാവുമാണ്. അവിടന്ന് ക്ഷീണിക്കുകയോ തളരുകയോ ഇല്ല; അവിടത്തെ മനസ് അഗ്രാഹ്യമാണ്. തളർന്നവന് അവിടന്ന് ബലം നല്‌കുന്നു; ദുർബലനു ശക്തി പകരുകയും ചെയ്യുന്നു. യുവാക്കൾ പോലും തളരുകയും ക്ഷീണിക്കുകയും ചെയ്തേക്കാം; ചെറുപ്പക്കാർ ശക്തിയറ്റുവീഴാം. എന്നാൽ, ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തിപ്രാപിക്കും; അവർ കഴുകൻമാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

എൻ്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക!

എന്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടത്തെ വിശുദ്‌ധനാമം പുകഴ്ത്തുക. എന്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക; അവിടന്നു നല്കിയ അനുഗ്രഹമൊന്നും മറക്കരുത്.

എൻ്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക!

അവിടന്ന് നിന്റെ അകൃത്യങ്ങൾ ക്ഷമിക്കുന്നു; നിന്റെ രോഗങ്ങൾ സുഖപ്പെടുത്തുന്നു. അവിടന്ന് നിന്റെ ജീവൻ പാതാളത്തിൽനിന്നു രക്ഷിക്കുന്നു; അവിടന്ന് സ്നേഹവും കരുണയുംകൊണ്ട് നിന്നെ കിരീടമണിയിക്കുന്നു.

എൻ്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക!

കർത്താവ് ആർദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹനിധിയുമാണ്. നമ്മുടെ പാപങ്ങൾക്കൊത്ത് അവിടന്നു നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കൊത്ത് നമ്മോടു പകരംചെയ്യുന്നില്ല.

എൻ്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക!

അല്ലേലൂയാ !

അല്ലേലൂയാ! തന്റെ ജനത്തെ രക്ഷിക്കാൻ ഇതാ, കർത്താവ് വരുന്നു. അവിടത്തെ എതിരേല്ക്കാൻ ഒരുങ്ങിയവർ അനുഗൃഹീതമാകുന്നു. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എൻ്റെ അടുക്കൽ വരുവിൻ)

അക്കാലത്ത് യേശു അരുൾചെയ്‌തു: അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ, നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ, എന്റെ നുകം വഹിക്കാൻ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.

കർത്താവിന്റെ സുവിശേഷം

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.