നാലാം വാരാം ചൊവ്വ
ഒന്നാം വായന
മലാക്കി പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്
(കർത്താവിന്റെ ദിവസം വരുന്നതിനുമുൻപ്
പ്രവാചകനായ എലിയായെ ഞാൻ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും)
കർത്താവായ ദൈവം ഇപ്രകാരം അരുൾചെയ്യുന്നു: ഇതാ, എനിക്കുമുൻപേ വഴിയൊരുക്കാൻ ഞാൻ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങൾ തേടുന്ന കർത്താവ് ഉടൻ തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതൻ ഇതാ വരുന്നു സൈന്യങ്ങളുടെ കർത്താവ് അരുൾ ചെയ്യുന്നു. എന്നാൽ, അവിടത്തെ വരവിന്റെ ദീനം അതിജീവിക്കാൻ ആർക്കു കഴിയും? അവിടന്നു പ്രത്യക്ഷനാകുമ്പോൾ അവിടത്തെ മുൻപിൽ നില്ക്കാൻ ആർക്കു കഴിയും? ഉലയിലെ അഗ്നിപോലെയും അലക്കുകാരന്റെ കാരം പോലെയുമാണ് അവിടന്ന്. വെള്ളി ഉലയിൽ ശുദ്‌ധീകരിക്കുന്നവനെപ്പോലെ അവിടന്ന് ഉപവിഷ്ടനാകും. ലേവിപുത്രൻമാർ യുക്‌തമായ ബലികൾ കർത്താവിന് അർപ്പിക്കുന്നതിനുവേണ്ടി അവിടന്ന് അവരെ സ്വർണവും വെള്ളിയും എന്നപോലെ ശുദ്‌ധീകരിക്കും.അപ്പോൾ യൂദായുടെയും ജറുസലേമിന്റെയും ബലി പഴയകാലത്തെന്നപോലെ കർത്താവിന് പ്രീതികരമാകും.
കർത്താവിന്റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനു മുൻപ് പ്രവാചകനായ ഏലിയായെ ഞാൻ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. ഞാൻ വന്ന് ദേശം ശാപം കൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവൻ പിതാക്കൻമാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹ്യദയം പിതാക്കൻമാരിലേക്കും തിരിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ശിരസ്സുയർത്തി നില്ക്കുവിൻ. എന്തെന്നാൽ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.
അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ!എന്നെ പഠിപ്പിക്കണമേ! എന്തെന്നാൽ, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.
ശിരസ്സുയർത്തി നില്ക്കുവിൻ. എന്തെന്നാൽ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.
കർത്താവു നല്ലവനും നീതിമാനുമാണ്. പാപികൾക്ക് അവിടന്നു നേർവഴി കാട്ടുന്നു. എളിയവരെ അവിടന്നു നീതിമാർഗത്തിൽ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
ശിരസ്സുയർത്തി നില്ക്കുവിൻ. എന്തെന്നാൽ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.
കർത്താവിന്റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവർക്ക് അവിടത്തെ വഴികൾ സത്യവും സ്നേഹവുമാണ്. കർത്താവിന്റെ സൗഹൃദം അവിടത്തെ ഭയപ്പെടുന്നവർക്കുള്ളതാണ്, അവിടന്ന് തന്റെ ഉടമ്പടി അവരെ അറിയിക്കും.
ശിരസ്സുയർത്തി നില്ക്കുവിൻ. എന്തെന്നാൽ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.
അല്ലേലൂയാ !
അല്ലേലൂയാ! ജനങ്ങളുടെ രാജാവും സഭയുടെ മൂലക്കല്ലുമായ കർത്താവേ, മണ്ണുകൊണ്ട് അങ്ങു ചമച്ച മനുഷ്യനെ രക്ഷിക്കാൻ വരുക അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സ്‌നാപകയോഹന്നാന്റെ ജനനം)
അക്കാലത്ത്, എലിസബത്തിനു പ്രസവസമയമായി; അവൾ ഒരു പുത്രനെ പ്രസവിച്ചു. കർത്താവ് അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നുകേട്ട അയല്ക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു. എട്ടാംദിവസം അവർ ശിശുവിന്റെ പരിച്‌ഛേദനത്തിനു വന്നു. പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവനു പേരുനല്‌കാൻ അവർ ആഗ്രഹിച്ചു. എന്നാൽ, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവൻ യോഹന്നാൻ എന്നു വിളിക്കപ്പെടണം. അവർ അവളോടു പറഞ്ഞു: നിൻ്റെ ബന്‌ധുക്കളിലാർക്കും ഈ പേര് ഇല്ലല്ലോ. ശിശുവിന് എന്തു പേരു നല്‌കാനാണ് ആഗ്രഹിക്കുന്നതെന്ന് അവൻ്റെ പിതാവിനോട് അവർ ആംഗ്യം കാണിച്ചു. ചോദിച്ചു. അവൻ ഒരു എഴുത്തുപലക വരുത്തി അതിൽ എഴുതി യോഹന്നാൻ എന്നാണ് അവൻ്റെ പേര്. എല്ലാവരും അദ്ഭുതപ്പെട്ടു.തത്ക്‌ഷണം അവന്റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവൻ ദൈവത്തെ വാഴ്ത്തിക്കൊണ്ട് സംസാരിക്കാൻ തുടങ്ങി. അയല്ക്കാർക്കെല്ലാം ഭയമുണ്ടായി; യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികൾ സംസാരവിഷയമാവുകയും ചെയ്തു. കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കർത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു.




