അനൂപ് എ.സി.
തിരുപുറം: അരനൂറ്റാണ്ടിൽ കവിഞ്ഞ വിശുദ്ധ ജീവിതം നയിച്ച് പൗരോഹിത്യ ഗോൾഡൻ ജൂബിലി നിറവിൽ നെയ്യാറ്റിൻകര രൂപത മുൻ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്. ദൈവപിതാവിന് നന്ദി അർപ്പിച്ചുകൊണ്ട് തന്റെ സ്വന്തം ഇടവകയായ തിരുപുറം പള്ളിയിൽ ജനുവരി 14 വ്യാഴാഴ്ച്ച 9.30ന് മോൺ. ജി ക്രിസ്തുദാസ് ദിവ്യബലി അർപ്പിച്ചു.
ഇടവക കുടുംബം സ്നേഹാദരവോടെ ക്രിസ്തുദാസ് അച്ചനെയും തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോയെയും, നെയ്യാറ്റിൻകര രൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരെയും സ്വാഗതം ചെയ്തു. 50-ൽ ഏറെ വൈദീകരും ഒട്ടനവധി വിശ്വാസികളും ഈ ആഘോഷബലിയിൽ പങ്കെടുത്തു. ദിവ്യബലിക്കു ശേഷം നടന്ന സമ്മേളനത്തിൽ നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ഡി. സെൽവരാജൻ പിതാവും, വിൻസെന്റ് സാമുവൽ പിതാവും മറ്റു വിശിഷ്ട അതിഥികളും ആശംസകൾ അറിയിച്ചു.
മോൺ ജി.ക്രിസ്തുദാസ് അച്ചന്റെ പിറന്നാൾ ദിനംകൂടിയായ അന്നേ ദിവസം കേക്ക് മുറിച്ചും എല്ലാവർക്കും സ്നേഹവിരുന്നു നൽകിയും സന്തോഷം പങ്കുവച്ചു.
തന്റെ പൗരോഹിത്യ ജീവിതം ഇത്രയേറെ മഹനീയതയിൽ ദൈവപിതാവ് എത്തിക്കുമ്പോൾ നന്മനിറഞ്ഞ ഹൃദയത്തോടെ വിശ്വാസികളോടൊപ്പം ചേർന്ന് അദ്ദേഹം ദൈവത്തെ മഹത്വപ്പെടുത്തുകയായിരുന്നു. ധന്യമായ ഒരു ജീവിതത്തിന്റെ മാതൃകാപരമായ ഒരു രൂപമാണ് മോൺ. ജി. ക്രിസ്തുദാസ്. നമ്മുടെ ജീവിതവും സർവ്വേശ്വരനിൽ സമർപ്പിച്ച് ധന്യമാക്കാൻ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ പുരോഹിതന്റെ ജീവിതം വരച്ചുകാട്ടുന്നത്.
ദൈവജനത്തിനു വേണ്ടി ദൈവത്താൽ തിരഞ്ഞെടുക്കപെട്ടവനാണ് ഓരോ പുരോഹിതനും. ആ പൗരോഹിത്യ ജീവിതത്തിൽ 50 വർഷങ്ങൾ പിന്നിടുമ്പോൾ മുന്നോട്ടുള്ള അച്ചന്റെ യാത്രയിൽ കൂടുതൽ തീക്ഷ്ണമായി ദൈവപിതാവിന് വേണ്ടി ശുശ്രൂഷ ചെയ്യുവാൻ സാധിക്കട്ടെ എന്ന് നെയ്യാറ്റിൻകര രൂപതയിലെ ഓരോ അംഗങ്ങളും ആശംസിക്കുന്നു.




